റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യം പുടിന്‍ തള്ളി: അമേരിക്കക്ക് മറുപടി നല്‍കാനില്ലെന്ന് റഷ്യ
മോസ്‌ക്കോ: അമേരിക്കയുടെ ഉപരോധത്തിനു തക്ക മറുപടി നല്‍കാന്‍ തങ്ങളില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. നയതന്ത്ര പ്രമുഖരെ പുറത്താക്കി റഷ്യക്കു നേരെ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കക്കു തിരിച്ചടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റഷ്യ പകരം ആരെയും പുറത്താക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
നേരത്തെ, അമേരിക്കയുടെ 35ഓളം നയതന്ത്ര പ്രമുഖരെ രാജ്യത്തുനിന്നു പുറത്താക്കാനും മോസ്‌ക്കോയിലെ അവധിക്കാല വിശ്രമകേന്ദ്രങ്ങളിലും ഗോഡൗണുകളിലും വിലക്കേര്‍പ്പെടുത്താനും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ തീരുമാനിച്ചിരുന്നു. ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോ പുടിനെ കാണുകയും ചെയ്തു. എന്നാല്‍, നടപടിക്ക് പുടിന്‍ വിസമ്മതിക്കുകയായിരുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് അമേരിക്ക തങ്ങളുടെ നയതന്ത്രജ്ഞരെ പുറത്താക്കിയത്. പകരം, അമേരിക്കന്‍ നയതന്ത്ര പ്രമുഖര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനുവരി 20ന് അധികാരമേല്‍ക്കാനിരിക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയായിരിക്കും അമേരിക്കയുമായുള്ള ബന്ധത്തെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കുകയെന്നും പുടിന്‍ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ്, 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുള്‍പ്പെടേയുള്ള രാഷ്ട്രീയ സംഘങ്ങളുടെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്‌തെന്നും ആരോപിച്ച് പ്രസിഡന്റ് ബരാക് ഒബാമ, 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്കയില്‍നിന്നു പുറത്താക്കുകയും രണ്ട് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നിരോധനമേര്‍പ്പെടുത്തുകയും ചെയ്തത്. 72 മണിക്കൂറിനകം രാജ്യത്തുനിന്നു പുറത്തുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. ഇതിന് ഉരുളക്കുപ്പേരി മറുപടി നല്‍കണമെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
അന്താരാഷ്ട്ര പതിവനുസരിച്ച് അമേരിക്കക്കു യോചിച്ച മറുപടി നല്‍കാനുള്ള എല്ലാ സാഹചര്യങ്ങളും റഷ്യക്കുണ്ട്. എന്നാല്‍, ട്രംപ് ഭരണകൂടം എടുക്കുന്ന നയങ്ങള്‍കൂടി പരിഗണിച്ചാകും ഭാവി തീരുമാനങ്ങളെടുക്കുക. ട്രംപ് അധികാരത്തിലേറിയാല്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും പുടിന്‍ പറഞ്ഞു. അമേരിക്കയില്‍നിന്നു പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരെ കുടുംബത്തോടൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ പങ്കുചേരാന്‍ അദ്ദേഹം ക്രെംലിനിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അമേരിക്കയുടെ ഉപരോധത്തിനു തക്കമറുപടി നല്‍കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കയുടെ ഉപരോധത്തോട് പ്രതികരിക്കവെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."