പാടിപഴകിയ വാഗ്ദാനങ്ങള്‍, ദുര്‍ഗതി മാറാതെ പാടിച്ചിറ ആശുപത്രി
പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ ഗവ. ആശുപത്രിയുടെ പേരില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാവുന്നു. പാടിച്ചിറ ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിട്ടും കിടത്തിചികിത്സ ആരംഭിക്കാന്‍ ഇതുവരെ നടപടിയായില്ല.
കിടത്തി ചികിത്സിക്കുന്നതിനായി 1990ലാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ അന്നുമുതല്‍ ഇത് അടഞ്ഞുകിടക്കുകയാണ്. ഇവിടെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ 20 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രം ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമെ കിടത്തി ചികിത്സ ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ തീരുമാനം.
മരക്കടവ് കോളനിയില്‍ 2008ല്‍ പട്ടിണി മരണം ഉണ്ടായപ്പോള്‍ ഇവിടെയെത്തിയ ആരോഗ്യ മന്ത്രി ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഓരോ തെരഞ്ഞെടുപ്പുകളിലും നല്‍കുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാടിച്ചിറ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നത്. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. ഗോത്ര ജനതയുടെ ചികിത്സ ഉറപ്പ് വരുത്തുമെന്നും ആശുപത്രിക്ക് ആംബുലന്‍സ് നല്‍കുമെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. പി. കൃഷ്ണപ്രസാദ് എം.എല്‍.എയായിരുന്ന കാലത്ത് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും നിയമപ്രശ്‌നം മൂലം അത് ഫയലില്‍ ഒതുങ്ങി. പാടിച്ചിറ ആശുപത്രിയെ സാമൂഹിക കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത പഞ്ചായത്താണ് മുള്ളന്‍കൊല്ലി. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ചികിത്സ ഒരുക്കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് ഈ മേഖലയെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, കിടത്തി ചികിത്സ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."