ചെങ്കടലിലെ തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ ഇനി സഊദിക്കു കീഴില്‍
റിയാദ്: രാജ്യാന്തര കപ്പല്‍ ചാലിനടുത്തുള്ള ചെങ്കടലിലെ തന്ത്രപ്രധാനമായ തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ ഇനി സഊദിക്കു കീഴില്‍. ചെങ്കടലിനു തെക്ക് ഭാഗത്തുള്ള സഊദി അധീനതയിലുള്ള ഫുര്‍സാന്‍ ദ്വീപ ശൃംഖലക്ക് ശേഷം പ്രദേശത്തെ എറ്റവും വലിയ ദ്വീപുകളാണ് സനാഫിര്‍, തീറാന്‍ ദ്വീപുകള്‍. അഖബ ഉള്‍ക്കടലിനെ ചെങ്കടലില്‍ നിന്നും വിഭജിക്കുന്ന തിറാന്‍ കടലിടുക്കിലാണ് ഈ രണ്ട് ദ്വീപുകളും സ്ഥിതി ചെയ്യുന്നത്.
80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിറാന്‍ ദ്വീപില്‍ നിലവില്‍ ജനവാസമില്ല. സൈനിക സേവനത്തിനു മാത്രമായാണ് ഉപയോഗിക്കന്നത്. ഈ ദ്വീപ് വഴിയാണ് നിര്‍ദ്ദിഷ്ട ചെങ്കടല്‍ പാലം (കോസ് വേ) കടന്നുപോകുന്നത്. സഊദി- ഈജിപ്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. നിലവില്‍ ഒരു വ്യോമതാവളം മാത്രമുള്ള ഇവിടെയായിരിക്കും കോസ് വെയുടെ എമിഗ്രേഷന്‍.
33 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സനാഫിര്‍ ദ്വീപും ആള്‍ താമസമില്ലാത്തതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം ഇരു ദ്വീപുകളില്‍ നിന്നുള്ള വിഭവങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ പങ്കുവെക്കും.
2010 മുതലാണ് ഇരു രാഷട്രങ്ങളും സമുദ്രാതിര്‍ത്തി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയത്. 1990ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയം പൂര്‍ത്തീകരിച്ചതെന്ന് ഈജിപ്ത് പാര്‍ലമെന്റ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ദ്വീപുകളുടെ നിയന്ത്രണം സഊദിക്കു ലഭിക്കുന്നതോടെ രാജ്യത്തിന്റെ പടിഞ്ഞാറ് മേഖലയില്‍ നിന്നുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് സഊദി ഭരണകൂടം.
നേരത്തെ, സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ ഈജിപ്ത് സന്ദര്‍ശനം വിവിധ പദ്ധതികളെ കൊണ്ട് ചരിത്രത്തിലിടം നേടിയിരുന്നു. സമുദ്രാതിര്‍ത്തി നിര്‍ണ്ണയവും ഇതിലാണ് വീണ്ടും ചര്‍ച്ചയായത്. സമുദ്രാതിര്‍ത്തി കരാറിന് ഈജിപ്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും ജനുവരി 16ന് കരാര്‍ ഈജിപ്ത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെയാണ് പ്രാബല്യത്തില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."