പരിശോധന പ്രഹസനം; വ്യാജ വെളിച്ചെണ്ണ വ്യാപകം
മലയിന്‍കീഴ്: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ പ്രഹസനമാകുന്നത് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ ലോബിക്ക് തുണയാകുന്നു. പുതിയ പല പേരുകളിലും ഒപ്പം പ്രമുഖ കമ്പനികളുടെ അപരനാമത്തിലുമുള്ള വ്യാജ വെളിച്ചെണ്ണയാണ് പ്രധാനമായും മാര്‍ക്കറ്റിലെത്തുന്നത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് പല പേരുകളിലും വെളിച്ചെണ്ണ നിര്‍മിക്കുന്നതെന്നും സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേര വെളിച്ചെണ്ണയ്ക്കു പോലും അപരന്മാരുണ്ട്. നേരത്തെ പരിശോധന ശക്തമാക്കുകയും വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റെയ്ഡ് ഇല്ലാതെയായി. കാന്‍സര്‍ പോലുള്ള മാരക രോഗത്തിനിടവരുത്തിയേക്കാവുന്ന പാംകര്‍ണല്‍ ഓയിലും പാരഫിന്‍ ഓയിലും ചേര്‍ത്ത വെളിച്ചെണ്ണയാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ലാബുകളില്‍ അറുപതോളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
വിപണിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ പതിനേഴ് ബ്രാന്‍ഡുകളില്‍ പാരഫിന്റെയും പാം കര്‍ണല്‍ ഓയിലിന്റെയും സാന്നിധ്യം കണ്ടെത്തിയതോടെ ഇവ നിരോധിച്ചിരുന്നു. എന്നാല്‍, റെയ്ഡുകള്‍ നിലച്ചതോടെ ഒരു വര്‍ഷത്തിനുശേഷം നിരോധിക്കപ്പെട്ട കമ്പനികളുടെ വെളിച്ചെണ്ണ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയില്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്.
പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനേക്കാള്‍ പത്തിരട്ടി ലാഭമാണ് വ്യാജന്‍ കച്ചവടക്കാര്‍ക്ക് നേടിക്കൊടുക്കുന്നത്. കേര പോലുള്ള പ്രമുഖ ബ്രാന്‍ഡുകളാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന വിധത്തില്‍ പേര് പ്രിന്റ് ചെയ്ത് മാര്‍ക്കറ്റിലെത്തിക്കുന്നവയുമുണ്ട്. ഇതോടെ സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയാണെന്ന് കരുതുന്ന ഉപഭോക്താവ് കബളിപ്പിക്കപ്പെടും.
വ്യാജ വെളിച്ചെണ്ണ കിലോയ്ക്ക് 65 മുതല്‍ 75 രൂപാ വിലയ്ക്കാണ് നല്‍കുന്നത്. ഇവ നൂറു മുതല്‍ നൂറ്റി ഇരുപത്തിയഞ്ച് രൂപ നിരക്കിലാണ് വ്യാപാരികള്‍ വിറ്റഴിക്കുന്നത്. അമിത ലാഭമാണ് വ്യാജന്മാര്‍ പെരുകാന്‍ കാരണം.
ഒരു കിലോ നാളികേരത്തിന് 25 മുതല്‍ 30 വരെയാണ് വില. ഒരു കിലോ കൊപ്രയ്ക്ക് 80- 85 രൂപാ വരെ നല്‍കണം. ഇതിനിടയിലാണ് വ്യാജവെളിച്ചെണ്ണ ലിറ്ററിന് 65 , 75 രൂപാ നിരക്കില്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. ലിറ്റിറിന് 35 രൂപാ വിലയുളള പാരഫിന്‍ ഓയിലും 20 രൂപാ വിലയുള്ള പാംകര്‍ണല്‍ ഓയിലും ഉപയോഗിച്ച് യഥാര്‍ഥ വെളിച്ചെണ്ണയുടെ മണം ലഭിക്കാന്‍ എസന്‍സും ചേര്‍ത്താണ് വ്യാജന്‍ നിര്‍മിക്കുന്നതെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വെളിച്ചെണ്ണയില്‍ പാരഫിന്‍ ഓയിലും പാംകര്‍ണല്‍ ഓയിലും കൂട്ടിചേര്‍ത്തും വിപണിയിലെത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."