പിണറായി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 22-ാമത് കേരള മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണു സത്യപ്രതിജ്ഞ നടക്കുക. വിപുലമായ സജ്ജീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയത്.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9.30ഓടെ ഗവര്‍ണറെ കണ്ടു മന്ത്രിമാരുടെ പട്ടിക കൈമാറും. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ഇന്നു രാവിലെ നടക്കുന്ന ഇടതുമുന്നണി യോഗത്തിലായിരിക്കും വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ആദ്യ മന്ത്രിസഭായോഗം ചേരും. ചില സുപ്രധാന തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നറിയുന്നു.
പൊതുജനങ്ങള്‍ ഉള്‍പ്പെടെ 50,000ത്തിലേറെ പേര്‍ ചടങ്ങിനെത്തുമെന്നാണ് ഇടതുമുന്നണി നേതൃത്വം വിലയിരുത്തുന്നത്. മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, നിലവിലെ എം.എല്‍.എമാര്‍, മുന്‍ എം.എല്‍.എമാര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡി.ജി.പിമാര്‍, നിലവിലെ ഡി.ജി.പിമാര്‍, സെക്രട്ടറിമാര്‍, കമ്മിഷന്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെയും സാമുദായിക- ആത്മീയ നേതാക്കളെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. 25,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചത്. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് സി.സി ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ സ്റ്റേഡിയത്തിനു പുറത്തുള്ളവര്‍ക്കു ചടങ്ങ് വീക്ഷിക്കാനായി സ്റ്റാച്യൂ, പാളയം എന്നിവിടങ്ങളിലും സി.സി ടി.വികള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഡിയത്തിനു പുറത്ത് നാലിടങ്ങളിലായി എല്‍.ഇ.ഡി വാളുകളും സ്ഥാപിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അറിയിച്ചു.
പങ്കെടുക്കുന്നവര്‍ 3.30ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണമെന്ന് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ അറിയിച്ചു.
വാഹന പാര്‍ക്കിങ് സുഗമമാക്കുന്നതിന് ഇന്ന് ഉച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വി.വി.ഐ.പി വാഹനങ്ങള്‍ക്കു മാത്രമായിരിക്കും സ്റ്റേഡിയത്തിനകത്ത് പ്രവേശനം അനുവദിക്കുക. തിരക്ക് ഒഴിവാക്കുന്നതിനു സെക്രട്ടേറിയറ്റ് പരിസരത്ത് വാഹന പാര്‍ക്കിങ് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."