തിരൂരില്‍ നാളെ കേളികൊട്ടുയരും
തിരൂര്‍: തുഞ്ചന്റെ മണ്ണില്‍ കൗമാര കലാമാമാങ്കത്തിനു നാളെ കേളികൊട്ടുയരും. അഞ്ചു ദിനരാത്രങ്ങള്‍ നീളുന്ന സംസ്ഥാനത്തെ ഏറ്റവുംവലിയ ജില്ലാ സ്കൂള്‍ കലോത്സവത്തിനാണ് നാളെ തിരൂരില്‍ അരങ്ങുണരുന്നത്. വൈകിട്ട് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ തിരൂര്‍ കലാമാമാങ്കത്തിന്റെ ആവേശത്തിലേക്കും ആരവത്തിലേക്കും വഴിമാറും.
ആദ്യമായി ജില്ലാ സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളുന്നതിനാല്‍ അതിന്റെകൂടി പ്രത്യേകതയുമുണ്ട്. മലപ്പുറത്തെ 17 ഉപജില്ലകളില്നിന്നു രണ്ടായിരത്തിലേറെ കലാ പ്രതിഭകളാണ് തുഞ്ചന്റെ നാട്ടില്‍ കലാവിരുന്നൊരുക്കാന്‍ എത്തുന്നത്. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എസ്.എസ്.എം പോളിടെക്ക്നിക് കോളജ്, പഞ്ചമി ജി.എല്‍.പി സ്കൂള്‍, ഡയറ്റ്, ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലായാണ് വേദികള്‍.
നാളെ രാവിലെ 10 മുതല്‍ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന് തുടങ്ങും. ഒരു ഉപജില്ലയ്ക്ക് ഒരു കൗണ്ടര്‍ എന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഒരു കൗണ്ടറില്‍ രണ്ട് അധ്യാപകര്‍ വീതമുണ്ടാകും. സ്വീകരണ കമ്മിറ്റി തയാറാക്കിയ കലോത്സവ ബ്രോഷര്‍ സി. മമ്മുട്ടി എം.എല്‍.എ പ്രകാശനം ചെയ്തു. വിനോദ് തലപ്പള്ളി, ജമാല്‍ ചേന്നര എന്നിവര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. കമ്മിറ്റി ചെയര്മാന് അഡ്വ. പി. നസ്റുല്ല, കണ്‍വീനര്‍ ഒ. ശ്രീനാഥന്‍, മനോജ് ജോസ്, എ.സി പ്രവീണ്‍, ഹമീദ് കൈനിക്കര സംബന്ധിച്ചു. വിപുലമായ ഒരുക്കങ്ങളാണ് തിരൂരില്‍ പൂര്‍ത്തിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."