അംഗപരിമിതര്‍ക്കായി കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം: പിണറായി
കണ്ണൂര്‍: അംഗപരിമിതര്‍ക്കായി സംസ്ഥാനത്ത് കേന്ദ്രീകൃത കോള്‍സെന്റര്‍ സംവിധാനം സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ സമ്പൂര്‍ണ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ വിപുലമായ കാംപയിനു രൂപം നല്‍കും. അനുയാത്ര എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഈ രംഗത്തെ സമഗ്ര ഇടപെടല്‍ ഉദ്ദേശിച്ചുള്ളതാണ്.
സംസ്ഥാനത്തെ മ്യൂസിയങ്ങളും സംരക്ഷിത സ്മാരകങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. അന്ധരായവര്‍ക്കു സ്പര്‍ശിച്ച് മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ലഘു പകര്‍പ്പുകളും സജ്ജമാക്കും.
ഇവര്‍ക്കായി പ്രത്യേക പരിശീലനം നേടിയ ഗൈഡുമാരുടെ സേവനവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, വെള്ളോറ രാജന്‍, ലിഷ ദീപക്, അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, ഡോ. നാരായണ നായിക്, ഡോ. മുഹമ്മദ് അഷീല്‍, അനുപം പ്രകാശ്, എല്‍ ഷീബ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."