സിറിയന്‍ സമാധാനത്തിന് വീണ്ടും കല്ലുകടി; സര്‍ക്കാര്‍ കരാര്‍ ലംഘിച്ചുവെന്ന് വിമതര്‍
ദമസ്‌കസ്: സിറിയന്‍ സമാധാന ശ്രമത്തിന് വീണ്ടും ഭംഗം വരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കാട്ടി വിമത സൈന്യം കരാറില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ വെറും അഞ്ചു ദിവസം മാത്രം ആയുസ്സുള്ള കരാറായി സിറിയന്‍ വെടിനിര്‍ത്തല്‍ കാരാര്‍ മാറുമോയെന്ന ആശങ്കയിലാണ് തുര്‍ക്കി അടക്കമുള്ള രാഷ്ട്രങ്ങള്‍.
വാദി ബറാദയില്‍ സര്‍ക്കാര്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് വിമതര്‍ പറയുന്നത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു തൊട്ടരികെ വിമതരുടെ കൈവശമുള്ള മേഖലയാണിത്.
നീണ്ട അഞ്ചു വര്‍ഷത്തിലേറെയായുള്ള രക്തരൂക്ഷിത യുദ്ധത്തിനൊടുവില്‍ തുര്‍ക്കിയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതും വെടിനിര്‍ത്തലിന് വിമതരും സര്‍ക്കാരും പരസ്പരം ധാരണയായയതും.
എന്നാല്‍ കരാറിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടം തയ്യാറാവുന്നില്ലെന്നു കാട്ടിയാണ് വിമതര്‍ ഇപ്പോള്‍ പിന്മാറ്റ ഭീഷണി മുഴക്കുന്നത്. ബഷാറിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ഫ്രീ സിറിയന്‍ ആര്‍മി അടക്കമുള്ള സംഘടകളാണ് തങ്ങളുടെ എല്ലാ ചര്‍ച്ചകളും മരവിപ്പിക്കുന്നതായി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."