ഫാറൂഖാബാദിന്റെ ഓര്‍മകള്‍ വീണ്ടെടുത്ത് കുഞ്ഞാലിക്കുട്ടി
ഫാറൂഖ് കോളജ്: പഠനകാലത്തിന്റെ നനുത്ത ഓര്‍മ്മകളും തീക്ഷ്ണതയേറിയ അനുഭവങ്ങളും വീണ്ടുമൊരിക്കല്‍ കൂടി ഓര്‍ത്തെടുത്ത് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള കോളജിലെ മുന്‍ യൂനിയന്‍ ഭാരവാഹികള്‍ ഫാറൂഖ് കോളജില്‍ ഒത്തുചേര്‍ന്നു. കോളജ് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ നടത്തിയ റീ യൂണിയന്‍ പരിപാടിയിലാണ് മുന്‍കാല വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ എത്തിയത്.
196870 കാലഘട്ടത്തിലെ പ്രീഡിഗ്രി പഠന ഓര്‍മ്മകളും വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതവും കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികളുമായി പങ്കുവച്ചു. അക്കാലത്തെ യൂനിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു കുഞ്ഞാലിക്കുട്ടി. മുന്‍ ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, എന്‍.പി ബഷീര്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, പി.എം ശമീര്‍, അബ്ദുസ്സലാം, ആസിഫ് ഉളിയാളി തുടങ്ങി ഇപ്പോള്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതോളം പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. മുന്‍കാല യൂനിയന്‍ തെരഞ്ഞെടുപ്പുകളും ഇക്കാല തെരഞ്ഞെടുപ്പുകളും തമ്മില്‍ നല്ല മാറ്റമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ നവോഥാനത്തിന്റെ ഏഴു പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികള്‍ നടന്നു. ആദ്യദിനം നടന്ന സെമിനാറില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി അബ്ദുസ്സമദ് സമദാനി എന്നിവര്‍ സംബന്ധിച്ചു. രണ്ടാം ദിനത്തില്‍ 'വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പി.കെ ഫിറോസ്, പി സുരേന്ദ്രന്‍, എ.കെ ഹനീഫ എന്നിവര്‍ സംവദിച്ചു.
കോളജ് പ്രിന്‍സിപ്പാള്‍ ഇ.പി ഇമ്പിച്ചിക്കോയ, ഡോ. മുസ്തഫ ഫാറൂഖി, കെ.എം നസീര്‍, അബ്ദു റഹീം, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി.വി ഫാഹിം അഹമ്മദ്, ഹാഫിസ് മുഹ്‌സിന്‍, സ്വാഹിബ് മുഹമ്മദ്, നൂഹ സി.പി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."