യുദ്ധക്കുറ്റം: മുന്‍ കൊസോവാ പ്രധാനമന്ത്രി ഫ്രാന്‍സില്‍ അറസ്റ്റില്‍
പാരിസ്: കൊസോവന്‍ യുദ്ധക്കുറ്റത്തിന് സെര്‍ബിയ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ച മുന്‍ കൊസോവാ പ്രധാനമന്ത്രി റാമൂഷ് ഹരാഡിനാജ് പാരിസില്‍ പിടിയിലായി. 1998-99 കാലയളവില്‍ നടന്ന കൊസോവാ യുദ്ധത്തില്‍ ഗറില്ലാ കമാന്‍ഡറായിരുന്ന ഹരാഡിനാജിനെ ഫ്രഞ്ച് പൊലിസാണു പിടികൂടിയത്. യുദ്ധകാലയളവില്‍ കൊസോവയുടെ തെക്കന്‍ പ്രവിശ്യയില്‍ ഒളിപ്പോര് ആക്രമണത്തിനു നേതൃത്വം നല്കി എന്നതാണ് അദ്ദേഹത്തിനു മേലുള്ള കുറ്റം.
2004ല്‍ സെര്‍ബിയ പുറത്തുവിട്ട അറസ്റ്റ് വാറന്‍ഡിന്റെ അടിസ്ഥാനത്തിലാണ് ഹരാഡിനാജിനെ അറസ്റ്റ് ചെയ്തതെന്ന് കൊസോവന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ഫ്രാന്‍സിലെ ബേസല്‍ മുല്‍ഹൗസ് വിമാനത്താവളത്തില്‍ വച്ചാണ് ഫ്രഞ്ച് പൊലിസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2004-2005 കാലയളവില്‍ കൊസോവയുടെ പ്രധാനമന്ത്രിയായിരുന്ന ഹരാഡിനാജിനെ 2015ല്‍ സ്ലോവേനിയന്‍ പൊലിസും അറസ്റ്റ് ചെയ്തു നയതന്ത്ര സമ്മര്‍ദത്തെ തുടര്‍ന്നു വിട്ടയച്ചിരുന്നു. ഹേഗിലെ യു.എന്‍ കോടതിയില്‍ നടന്ന യുദ്ധക്കുറ്റ വിചാരണയില്‍ രണ്ടുതവണയും അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."