വസ്തു വാങ്ങിയിട്ട് വര്‍ഷങ്ങള്‍, പുതിയ കെട്ടിടം ഇപ്പോഴും സ്വപ്നം
നെടുമങ്ങാട്: സ്ഥലപരിമിതി കൊണ്ടു വീര്‍പ്പു മുട്ടുന്ന ആര്യനാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് വസ്തു വാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. കെട്ടിട നിര്‍മാണം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. പുതിയ സര്‍ക്കാരിന്റെ കാലത്തെങ്കിലും ഈ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് ആര്യനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സി.എച്ച്.സി ആയി ഉയര്‍ത്തിയത്. എന്നാല്‍ പേരു മാറിയതല്ലാതെ അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റമൊന്നും വന്നിരുന്നില്ല. സ്ഥല പരിമിതിയായിരുന്നു പ്രധാന പ്രശ്നം. ഇതിന് പരിഹാരം കാണുന്നതിനായി ആശുപത്രിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വസ്തു വാങ്ങാന്‍ അക്കാലത്തു തന്നെ ശ്രമം നടന്നെങ്കിലും രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം നടന്നില്ല. മുന്‍ സ്പീക്കറും സ്ഥലം എം.എല്‍.എയുമായിരുന്ന ജി.കാര്ത്തികേയന് ആശുപത്രി വികസനത്തിന് ഭൂമി കണ്ടെത്തി നല്കിയാല് കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിരുന്നു, ഇതിന്റെയടിസ്ഥാനത്തില്‍ ആനന്ദേശ്വരം ശിവക്ഷേത്രത്തിന് സമീപത്തായി 25 സെന്റ് വസ്തു 25 ലക്ഷം രൂപ നല്കി വാങ്ങി. തുടര്‍ന്നു കെട്ടിട നിര്‍മാണത്തിനു ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ജി.കാര്ത്തികേയന് മരണപ്പെട്ടത്.
പിന്നീട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, ശേഷം നിയമസഭാ തെരഞ്ഞെടുപ്പും വന്നു. അതിനിടയില്‍ കെട്ടിട നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി. പുതിയ
സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ ആര്യനാട് സി.എച്ച്.സിയുടെ പുതിയ കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്നാണ് ജനത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."