സി.പി.എം കേന്ദ്രകമ്മിറ്റി വി.എസിനെതിരേയുള്ള പി.ബി കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: വി. എസ് അച്യുതാനന്ദനെതിരായ സി.പി.എം പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ റിപ്പോര്‍ട്ട് ഞായറാഴ്ച കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസംചേര്‍ന്ന പി.ബി യോഗത്തില്‍ ഈ വിഷയവും കേന്ദ്രകമ്മിറ്റിയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും, പി.കെ. ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം അജന്‍ഡയിലില്ല.
സംസ്ഥാന ഘടകം ഇതുസംബന്ധിച്ച് പരിശോധിക്കണമെന്ന ആവശ്യം കേന്ദ്രകമ്മിറ്റിക്കു മുന്‍പില്‍ വയ്ക്കാത്തതാണ് അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്തിന് കാരണമായി പറയുന്നത്. അതേസമയം, സി.പി.എമ്മിന്റെ ഉയര്‍ന്ന ഘടകങ്ങളുടെ യോഗങ്ങള്‍ സംസ്ഥാനത്തു നടക്കുന്ന വേളയില്‍ ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
കേന്ദ്രകമ്മിറ്റി ആരംഭിച്ച ആദ്യദിവസത്തില്‍ തന്നെയാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയം, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്, സംഘടനാ ശാക്തീകരണം എന്നിവയിലാണ് ഇന്നലെ ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍, വൈകിട്ടോടെ ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐആര്‍. സമര്‍പ്പിച്ചത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി. ഇത് കേന്ദ്രകമ്മിറ്റി അംഗങ്ങളും ഗൗരവമായി കണ്ടെന്നാണ് സൂചന. ബന്ധു നിയമനം പ്രത്യേക അജന്‍ഡയായി ഇന്ന് പരിഗണിക്കേണ്ടി വരുമെന്നാണറിയുന്നത്. വി.എസിന്റെ കത്തും ഇതോടൊപ്പം ചര്‍ച്ചയ്ക്കു വരും. നാളെ വി.എസിനെതിരേയുള്ള പി.ബി. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ഇപി. ജയരാജന്റെയും പി.കെ. ശ്രീമതിയുടെയും ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യാതെ പോകുന്നത് അണികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഇരു കേന്ദ്ര നേതാക്കളെയും ശാസനയ്ക്കു വിധേയമാക്കാനും ധാരണയുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."