സങ്കല്‍പ ലോകമല്ലീയുലകം
ഒരുപാടു മോഹനസങ്കല്‍പങ്ങള്‍ നിറഞ്ഞതാണു കമ്മ്യൂണിസം. മാനുഷരെല്ലാരുമൊന്നുപോലെ, എവിടെയും ദാരിദ്ര്യമില്ലായ്മ, മനുഷ്യന്‍ മനുഷ്യന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന സമൂഹം, തൊഴിലാളിവര്‍ഗത്തിന്റെ ഭരണം.., തുടങ്ങി എണ്ണമറ്റ സങ്കല്‍പങ്ങളുമായാണു മാര്‍ക്‌സും എംഗല്‍സും കമ്മ്യൂണിസത്തിന്റെ പ്രാമാണികഗ്രന്ഥങ്ങള്‍ എഴുതിയുണ്ടാക്കിയത്.
അതില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ലോകത്തു പലയിടങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കുകയുമുണ്ടായി. എന്നിട്ടും സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമായോയെന്നതു വേറെ കാര്യം. എല്ലാ സങ്കല്‍പങ്ങളും യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ലെങ്കിലും സങ്കല്‍പിക്കാതിരിക്കാനാവില്ലല്ലോ.
അതുകൊണ്ടാണു രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐയുടെ സംസ്ഥാന നേതൃയോഗം മൂന്നുദിവസം അനന്തപുരിയില്‍ ചേര്‍ന്നു യാഥാര്‍ഥ്യമാവാത്ത ചില സങ്കല്‍പങ്ങളെക്കുറിച്ച് ഇഴകീറി ചര്‍ച്ചചെയ്തത്. ഇടതുഭരണത്തിലെ പൊലിസ് എങ്ങനെയൊക്കെയായിരിക്കണമെന്ന സങ്കല്‍പത്തെക്കുറിച്ചായിരുന്നു പ്രധാനചര്‍ച്ച. പാര്‍ട്ടികൂടി ഉള്‍പെട്ട മുന്നണിയുടെ ഭരണത്തില്‍ പൊലിസ് എല്ലാ സങ്കല്‍പങ്ങളും തല്ലിത്തകര്‍ക്കുകയാണ്.
പാര്‍ട്ടി നയത്തിനു വിപരീതമായി പൊലിസ് മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുന്നു. പല സ്ഥലങ്ങളിലും മുന്നണിയിലെ വല്യേട്ടനായ സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ സി.പി.ഐക്കാരെ തല്ലുന്നു. തല്ലു കിട്ടിയ പാര്‍ട്ടിക്കാരുടെ പേരില്‍ കേസു വരുന്നു. തല്ലിയ സി.പി.എമ്മുകാര്‍ കേസൊന്നുമില്ലാതെ പുഷ്പംപോലെ ഞെളിഞ്ഞു നടക്കുന്നു. മാവോയിസ്റ്റ് കൊലയില്‍ പ്രതിഷേധിച്ചു നിലമ്പൂരിലേയ്ക്കു മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്നു.
എന്നാല്‍, എല്ലാ ഇനം കമ്മ്യൂണിസ്റ്റുകാരും ഒരേ സ്വരത്തില്‍ ഫാസിസ്റ്റുകളെന്നു വിളിക്കുന്ന സംഘ്പരിവാറുകാര്‍ നിലമ്പൂരില്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ തടഞ്ഞുവച്ചിട്ടും അവരുടെ പേരില്‍ കേസെടുക്കുന്നില്ല. അങ്ങനെ എല്‍.ഡി.എഫ് വന്നിട്ടും ഒന്നും ശരിയാവാത്ത അവസ്ഥ.
യോഗം കഴിഞ്ഞു നടത്തിയ പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതങ്ങു തുറന്നുപറഞ്ഞു. പൊലിസ് സര്‍ക്കാരിന്റെ നയം നടപ്പിലാക്കണമെന്നാണു സങ്കല്‍പമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് ഒട്ടും തൃപ്തിയില്ലെന്ന്.
പാഴായിപ്പോകുന്ന മറ്റുചില സങ്കല്‍പങ്ങളെക്കുറിച്ചും യോഗത്തില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു. ഒരു സി.ഐ.ഡി വേറൊരു സി.ഐ.ഡിയെ കുറ്റംപറയാന്‍ പാടില്ലെന്നു പണ്ടൊരു സിനിമയില്‍ ശ്രീനിവാസന്‍ മോഹന്‍ലാലിനോടു പറഞ്ഞതുപോലെ, ഒരു മുന്നണിയിലെ പാര്‍ട്ടികള്‍തമ്മില്‍ പരസ്പരം കുറ്റംപറയാന്‍ പാടില്ലെന്നാണു സങ്കല്‍പം. എന്നാല്‍, നടക്കുന്നതു മറ്റൊന്നാണ്. സി.പി.എം മന്ത്രിമാരായ എ.കെ ബാലനും എം.എം മണിയുമൊക്കെ സി.പി.ഐയുടെ മന്ത്രിമാരെ പരസ്യമായി കുറ്റപ്പെടുത്തി ബ്രേക്കിങ് ന്യൂസുകളുണ്ടാക്കുന്നു.
ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അതിനു ചുട്ട മറുപടി നല്‍കണമെന്ന വേറൊരു സങ്കല്‍പവുമുണ്ട്. എന്നാല്‍, അതു സംഭവിക്കുന്നില്ലെന്ന പരാതികളുടെ പ്രളയമായിരുന്നു യോഗത്തില്‍. പിണറായിയെ പേടിച്ചാണു നേതാക്കളും മന്ത്രിമാരും മിണ്ടാതിരിക്കുന്നതെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നെന്ന വാര്‍ത്തയും വന്നു.
ഈ പുകിലൊക്കെ ഉണ്ടായിട്ടും വല്യേട്ടന്‍ ഒന്നുമുരിയാടിയില്ല. സി.പി.ഐ യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം ശരിയാണെന്നു സി.പി.എം നേതാക്കള്‍ക്കുമറിയാം. വലിയവായില്‍ വര്‍ത്തമാനം പറയുമെങ്കിലും ഭരണപങ്കാളിത്തമുള്ളതുകൊണ്ട് സി.പി.ഐ നേതാക്കള്‍ക്കു സി.പി.എമ്മിനെ ഇത്തിരി ഭയമൊക്കെയുണ്ട്. അതുകൊണ്ടു ചെമ്മീന്‍ ചട്ടിയോളം തുള്ളില്ല. പിണറായിയും കോടിയേരിയുമൊക്കെ സി.പി.ഐക്കാരെ ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതല്ലല്ലോ.
****
തൊട്ടു പിറകെ അനന്തപുരിയില്‍ വല്യേട്ടന്റെ ദേശീയ നേതൃയോഗങ്ങളും തുടങ്ങി. പതിവുപോലെ കൊട്ടക്കണക്കിനു വിവാദങ്ങളുമായാണു തുടക്കം. എ.കെ.ജി സെന്ററില്‍ ആവശ്യത്തിലേറെ സൗകര്യമുണ്ടായിട്ടും കേന്ദ്രക്കമ്മിറ്റി യോഗവും നേതാക്കളുടെ താമസവുമൊക്കെ നക്ഷത്രഹോട്ടലിലാക്കിയതിന്റെ പേരിലായിരുന്നു പ്രധാന വിവാദം.
എന്നാല്‍, മാധ്യമ സിന്റിക്കേറ്റ് എന്തു വിവാദമുണ്ടാക്കിയാലും കേളന്‍ കുലുങ്ങില്ലല്ലോ. പറയാന്‍ വൈരുദ്ധ്യാധിഷ്ഠിത ന്യായങ്ങള്‍ ഏറെയുള്ളപ്പോള്‍ എന്തിനു കുലുങ്ങണം. കമ്മ്യൂണിസ്റ്റുകാര്‍ കാലാകാലവും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ചു പഴയകെട്ടിടങ്ങളില്‍ത്തന്നെ യോഗം ചേരണമെന്നതും ഒരു സങ്കല്‍പം മാത്രമാണ്. വസ്തുനിഷ്ഠ, ആത്മനിഷ്ഠ സാഹചര്യങ്ങള്‍ വേറെയാണ്. സംസ്ഥാനത്തു ഭരണത്തിലുള്ള തൊഴിലാളിവര്‍ഗത്തോടു ഭയമുള്ളതിനാല്‍ ബൂര്‍ഷ്വാസി അവരുടെ ഹോട്ടലുകളില്‍ വലിയ പ്രതിഫലമൊന്നും വാങ്ങാതെ സൗകര്യമൊരുക്കാന്‍ റെഡിയായി നില്‍ക്കുകയാണ്.
അടവുതന്ത്രങ്ങളുടെ ഭാഗമായി അതുപയോഗപ്പെടുത്തണം. പിന്നെ, നക്ഷത്രഹോട്ടലുകളില്‍ തൊഴിലാളിവര്‍ഗത്തില്‍പെട്ട നിരവധിയാളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നതും കാണാതിരിക്കരുത്.
യോഗം കണ്ടും കേട്ടും അവര്‍ക്കു വര്‍ഗബോധവും പ്രത്യയശാസ്ത്രദാര്‍ഢ്യവും ഉണ്ടാക്കിയെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകതന്നെ വേണം.
മാത്രമല്ല, ഏറെ ഭാരിച്ച കാര്യങ്ങളാണു ചര്‍ച്ച ചെയ്യാനുള്ളത്. അതു നടക്കണമെങ്കില്‍ നേതാക്കള്‍ക്കു ക്ഷീണം തട്ടാത്ത തരത്തിലുള്ള സ്ഥലസൗകര്യം വേണം. യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി കാര്യമായി ഇല്ലാത്ത നാടുകളാണെങ്കിലും ഉണ്ടെന്നുതന്നെ സങ്കല്‍പിച്ച് അവിടെയൊക്കെ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയണം.
മുഖ്യശത്രു ആരെന്നു തീരുമാനിക്കണം. ആളില്ലാത്ത സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചു പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയൊന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉണ്ടാക്കിയിട്ടില്ല. അകാലിദളിനു വേണമെങ്കില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യാം. അസം ഗണപരിഷത്തിനു തമിഴ്‌നാട് തെരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ചയുമാവാം.
എന്നാല്‍, ഇതൊന്നുമല്ല വി.എസ് അച്യുതാനന്ദന്റെ പ്രശ്‌നം. പഞ്ചാബിലും ഗോവയിലുമൊക്കെ എന്തു തന്നെ സംഭവിച്ചാലും പാര്‍ട്ടിയില്‍ തന്റെ ചില അജന്‍ഡകള്‍ നടപ്പാക്കണം. കൊലക്കേസില്‍ പ്രതിയായ എം.എം മണിയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണം. മണിയോടു പ്രത്യേകിച്ച് വിരോധമുണ്ടായിട്ടൊന്നുമല്ല. മുഖ്യശത്രുവായ മുഖ്യമന്ത്രി പിണറായി വിജയനോടു പഴയ കണക്കുകള്‍ തീര്‍ക്കാനുള്ള വഴി മാത്രമാണു മണി. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിചേര്‍ക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്പ്പിക്കാനൊരു കീഴ്്‌വഴക്കമുണ്ടാക്കിവയ്ക്കണം.
ഇതിനൊക്കെ പുറമെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും സംസ്ഥാനകമ്മിറ്റിയിലും തനിക്ക് ഇപ്പോഴുള്ള സാങ്കല്‍പിക ഇടത്തിനു പകരം ഉറച്ച ഇടം കണ്ടെത്തുകയും വേണം. കത്തെഴുത്തെന്ന പതിവ് ആയുധം തന്നെയാണു വി.എസ് ഇപ്പോഴും എടുത്തുപ്രയോഗിക്കുന്നത്. ഉദ്ദിഷ്ടകാര്യം സാധിച്ചില്ലെങ്കിലും വി.എസിനെ അഭിനന്ദിക്കുകതന്നെ വേണം. ഇ-മെയിലിന്റെയും വാട്ട്‌സ്ആപ്പിന്റെയുമൊക്കെ കാലത്തു കത്തെഴുത്തു മരിച്ചുപോകാതെ കാത്തുസൂക്ഷിക്കുന്നുണ്ടല്ലോ. വി.എസ് അതു തടുരട്ടെ. തുടരാന്‍ ഭാവിയിലും പിണറായി പക്ഷത്തിന്റെ സഹായവും അദ്ദേഹത്തിനു ലഭിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."