സഊദി നേതൃത്വത്തിലുള്ള സഖ്യസേനാ തലവനായി മുന്‍ പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ആഗോള ഭീകരതയെ നേരിടാന്‍ സഊദി നേതൃത്വത്തില്‍ രൂപീകരിച്ച ഇസ്ലാമിക് മിലിട്ടറി അലയന്‍സ് ടു ഫൈറ്റ് ടെററിസം ( ഐ.എം.എ.എഫ്.ടി)തലവനായി മുന്‍ പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിനെ തെരഞ്ഞെടുത്തു. 39 അംഗരാജ്യങ്ങളാണ് അറബ് സേനയിലുള്ളത്. പാകിസ്താന് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഹീല്‍ ശരീഫ് സഖ്യസേനയുടെ ഉപദേഷ്ടാവായി സ്ഥാനമേല്‍ക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സഊദിയിലെത്തിയ റഹീല്‍ ശരീഫിന് സഊദി ഔദ്യോഗിക സ്വീകരണം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് റഹീല്‍ പാക് സൈനിക മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചത്. 2015 ഡിസംബറിലാണ് സഊദിയുടെ നേതൃത്വത്തില്‍ സഖ്യസേന രൂപീകരിക്കുന്നതായി സൗദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ഇബ്നു സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജകുമാരന് പ്രഖ്യാപിച്ചത്. റിയാദാണ് സേനയുടെ ആസ്ഥാനം. ആദ്യം 34 രാജ്യങ്ങളാണ് സഖ്യത്തില്‍ ഉണ്ടായിരുന്നത്. ജി.സി.സി രാജ്യമായ ഒമാനാണ് ഏറ്റവും ഒടുവില്‍ സഖ്യത്തില്‍ അംഗമായത്. നേരത്തെ സഖ്യസേനയില്‍ ചേരാന്‍ പാകിസ്താന് വിമുഖത കാണിച്ചിരുന്നു. സഊദിയുടെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചാണ് സഖ്യത്തില്‍ അംഗമാകാന്‍ പാകിസ്താന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."