വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്: റണ്‍വേ പരിശോധനയ്ക്ക് ഡി.ജി.സി.എ സംഘം ഇന്ന് കരിപ്പൂരിലെത്തും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുളള റണ്‍വേ പരിശോധനക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ),എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്രകാര്യാലയ സംഘങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും.ഡി.ജി.സി.എ ദക്ഷിണ മേഖലാ ഡയറക്ടര്‍ മനോജ് ബൊക്കാഡെ,എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്രകാര്യലയ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തുന്നത്.
കരിപ്പൂരില്‍ 2015 മെയ് മുതലാണ് വലിയ വിമാനങ്ങള്‍ റണ്‍വേ റീ-കാര്‍പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയത്.ഇതോടെ ഹജ് സര്‍വിസും നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വന്നു. റണ്‍വേ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയങ്കിലും റണ്‍വേ നീളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് ഡി.ജി.സി.എ തീരുമാനം.ഇതോടെ കരിപ്പൂരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി.
കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പ്രാപ്തമാണോ എന്ന് പരിശോധിക്കാന്‍ ഡി.ജി.സി.എ സംഘത്തെ അയക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഡി.ജി.സി.എ സംഘം കരിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. ഡി.ജി.സി.എയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ സാധിക്കും.
ഡി.ജി.സി.എ സംഘത്തോടൊപ്പം എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
ഇരു സംഘത്തിന്റെയും പരിശോധന റിപ്പോര്‍ട്ടിനു ശേഷമായിരിക്കും തീരുമാനം കൈ കൊള്ളുക.വ്യോമയാനമന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് റണ്‍വേ പരിശോധിക്കുന്നതിനായി ഡി.ജി.സി.എ ഉന്നതസംഘം എത്തുന്നത്.ഹജ്ജ് വിമാന സര്‍വിസ് അടക്കമുളള കാര്യങ്ങളില്‍ ഇതോടെ തീരുമാനമാകും. 2001 മുതല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നുണ്ട്.എന്നാല്‍ സ്ഥലമേറ്റെടുത്ത് റണ്‍വേ വികസിപ്പിക്കാതെ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താനാവില്ലെന്നാണ് ഡി.ജി.സി.എ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."