എം.എ റഹ്മാനിലൂടെ ജില്ലയ്ക്കു ഓടക്കുഴലിന്റെ മാധുര്യം
നീലേശ്വരം: പ്രൊഫ.എം.എ റഹ്മാനിലൂടെ ആദ്യമായി ജില്ലയിലേക്കു ഓടക്കുഴലിന്റെ മാധുര്യമെത്തി. അദ്ദേഹത്തിന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകത്തിനാണു ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇടപെട്ടു വിവിധ മാസികകളിലും മറ്റും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണു ഈ കൃതി. മഹാകവി ജി യുടെ ഓര്‍മയ്ക്കായാണു ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത്.
ജില്ലയില്‍ ആദ്യമായാണു ഒരാള്‍ക്കു ഓടക്കുഴല്‍ അവാര്‍ഡ് ലഭിക്കുന്നത്. കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലചിത്ര സംവിധായകന്‍, അധ്യാപകന്‍ എന്നീ മേഖലകളിലാണു എം.എ റഹ്മാന്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുമായി വര്‍ഷങ്ങളായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെക്കുറിച്ചു അദ്ദേഹം തയാറാക്കിയ 'അര ജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററി ലോക ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡ്, മനുഷ്യാവകാശ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു കണ്ണൂര്‍ സര്‍വകലാശാല നല്‍കിയ ആചാര്യ അവാര്‍ഡ് എന്നിവ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ജി ശങ്കരക്കുറുപ്പിന്റെ 39ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിനു എറണാകുളത്തു നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ.എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.
പുരസ്‌കാര തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്തുത കൃതിയുടെ റോയല്‍റ്റിയും അദ്ദേഹം ദുരിതബാധിതര്‍ക്കു തന്നെയാണു നല്‍കിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."