ജിഷ്ണുവിന്റെ മരണം: കോളജിനെതിരേ യുവജന കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തില്‍ പാമ്പാടി നെഹ്റു കോളജിനെതിരേ സ്വമേധയാ കേസെടുത്തെന്ന് യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോം. സംഭവത്തെക്കുറിച്ച് കോളജ് അധികാരികളില്‍നിന്നും പാലക്കാട് ജില്ലാ പൊലിസ് മേധാവിയില്‍നിന്നും വിശദീകരണം തേടുമെന്നും ചിന്ത പറഞ്ഞു.
അധ്യാപകരില്‍നിന്നുള്ള പീഡനത്തെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണു ലഭിച്ച വിവരം. കമ്മിഷന് അംഗമായ ടി.പി ബിനീഷ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
അടുത്ത ദിവസം തന്നെ കമ്മിഷന് നെഹ്റു കോളജ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളില്‍ നിന്നു മൊഴിയെടുക്കും. അതിനു ശേഷം സര്‍ക്കാരിനു വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഇത്തരം കേസുകള്‍ നിരന്തരം വരുന്നുണ്ട്. ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന് എന്‍ജിനീയറിങ് കോളജില്‍നിന്നു നിരവധി പരാതിയുണ്ട്. അവിടെനിന്നു കമ്മിഷന് തെളിവെടുത്തു. കാംപസില്‍ പെണ്‍കുട്ടികളോട് അധികാരികള്‍ മോശമായി പെരുമാറുന്നു, മുസ്ലിം വിദ്യാര്‍ഥികളെ നിസ്കരിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയവയാണു പരാതികള്‍.
ഇവിടെയും ഇടിമുറിയുള്ളതായി പരാതിയുണ്ടെന്നും ചിന്ത പറഞ്ഞു. സ്വാശ്രയ കോളജുകളില്‍ പാലിക്കേണ്ടകാര്യങ്ങള്‍ സംബന്ധിച്ച് നയം രൂപീകരിക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്നും ചിന്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."