അടച്ചിട്ട കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണം: കാനം രാജേന്ദ്രന്‍
കൊല്ലം: തൊഴിലും കൂലിയും നിഷേധിച്ച് ഫാക്ടറി അടച്ചിട്ട് തൊഴിലാളികളേയും സര്‍ക്കാരിനേയും വെല്ലുവിളിക്കുന്ന കശുവണ്ടി മുതലാളിമാരുടെ ഫാക്ടറികള്‍ ഏറ്റെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 79കളില്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടായപ്പോള്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. കാഷ്യുകോര്‍പ്പറേഷന്റെ ആവിര്‍ഭാവം അങ്ങനെയാണ്. പി.കെ.വി മന്ത്രിസഭ സമാനമായ വെല്ലുവിളി ഏറ്റെടുത്ത കാര്യവും കാനം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
കശുവണ്ടി തൊഴിലാളി കേന്ദ്രകൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച 101 മണിക്കൂര്‍ സത്യഗ്രഹം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കേന്ദ്രകൗണ്‍സില്‍ സമരം തുടങ്ങിയത്. കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്റെ ഉറപ്പ് പൂര്‍ണമായി വിശ്വസിച്ച ജനങ്ങള്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്തതുകൊണ്ടാണ് വന്‍വിജയം നേടാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ ലക്ഷക്കണക്കിനുള്ള തൊഴിലാളികള്‍ വഹിച്ച പങ്ക് മറക്കാനാവില്ല.
കശുവണ്ടി ഫാക്ടറികളില്‍ മഹാഭൂരിപക്ഷവും സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേവലം അഞ്ച് ശതമാനം മാത്രം (40 എണ്ണം) ആണ് കാഷ്യുകോര്‍പ്പറേഷന്റെയും കാപ്പെക്‌സിന്റെയും അധീനതയിലുള്ളത്. വര്‍ധിപ്പിച്ച കൂലി നല്‍കാന്‍ പറ്റില്ല എന്ന ധാര്‍ഷ്ട്യമാണ് സ്വകാര്യമുതലാളിമാര്‍ പ്രകടിപ്പിക്കുന്നത്. ത്രികക്ഷികരാറനുസരിച്ച് നിയമാനുസൃതം മിനിമം കൂലി നല്‍കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണ്. അതനുസരിക്കാത്ത മുതലാളിമാരുടെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അവരുടെ മുന്നില്‍ മുട്ടുമടക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.
കശുവണ്ടി മേഖലയില്‍ പുതിയ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. തോട്ടണ്ടി കയറ്റിഅയയ്ക്കുന്ന രാജ്യങ്ങളില്‍ സംസ്‌കരണം തുടങ്ങി. സ്വാഭാവികമായി തോട്ടണ്ടി ഇറക്കുമതിയില്‍ മത്സരം വളരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കാലത്തെ പോലെ സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ വഴി തോട്ടണ്ടി ഇറക്കുമതിക്കുള്ള സാധ്യതയും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ കേന്ദ്രകൗണ്‍സില്‍ പ്രസിഡന്റ് എ ഫസലുദ്ദീന്‍ഹക്ക് അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, കെ.ആര്‍ ചന്ദ്രമോഹനന്‍, ജെ. ചിഞ്ചുറാണി, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, എന്‍ രാജന്‍, ഇ.എം റഷീദ്, ടി.എം മജീദ്, പി.എസ് സുപാല്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. ജനറല്‍സെക്രട്ടറി ജി ലാലു സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി വര്‍ക്കിങ് പ്രസിഡന്റ് ജെ ഉദയഭാനു, പ്രഫ. വെളിയം രാജന്‍, കെ.കെ അഷ്‌റഫ്, ആര്‍ ഗോപാലകൃഷ്ണന്‍നായര്‍, കെ.എസ് ഇന്ദുശേഖരന്‍നായര്‍, എച്ച് രാജീവന്‍, ശിവശങ്കരന്‍നായര്‍, ഡെപ്യൂട്ടിമേയര്‍ വിജയഫ്രാന്‍സിസ്, ആര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നലത്തെ സമരത്തിന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, ജി ബാബു, എന്‍ ഗോപാലകൃഷ്ണന്‍, അയത്തില്‍ സോമന്‍, പ്രഫ. ജി പുരുഷോത്തമന്‍, എന്‍ സോമരാജന്‍, ബി രാജു, അജയഘോഷ്, ജി സോമന്‍പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."