പ്രിയസുഹൃത്തുക്കളുടെ ഓര്‍മ നിലനിര്‍ത്താനുള്ള തയാറെടുപ്പില്‍ കൂട്ടായ്മ
വടകര : ജീവിച്ചുകൊതിതീരും മുന്‍പേ മരണത്തിനു കീഴടങ്ങിയ വടകര പഴങ്കാവ് സ്വദേശി മുഹമ്മദ് അജീറിന്റെയും വൈക്കിലശ്ശേരിയിലെ തന്‍സീലിന്റെയും സ്മരണകള്‍ നിലനിര്‍ത്താനുള്ള കര്‍മ പദ്ധതി തയാറാക്കുകയാണ് സുഹൃത്തുക്കള്‍. ഇരുവരുടെയും സ്മരണാര്‍ത്ഥം ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂട്ടായ്മ തുടക്കമിട്ടു കഴിഞ്ഞു. വീട് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികളും ആലോചനയിലുണ്ട്.
മുസ്‌ലിംലീഗിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും സജിവ പ്രവര്‍ത്തകരായിരുന്നു തന്‍സീലും മുഹമ്മദ് അജീറും. വൈക്കിലശ്ശേരി കേന്ദ്രമായി ഇരുവരുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പരിപാടികള്‍ കൂടുതല്‍ സജിവമായി മുന്നോട്ടു കൊണ്ടു പോകാനും സുഹൃത്തുക്കള്‍ക്ക് പരിപാടിയുണ്ട്.
വടകരയിലെ പി.വി അബ്ദുല്‍ ലത്തീഫിന്റെ (ലത്തീഫ് ട്രാവല്‍സ്) മകനാണ് മുഹമ്മദ് അജീര്‍. 2016 മാര്‍ച്ച് 11 നാണ് അജീര്‍ രക്താര്‍ബുദം ബാധിച്ച് മരിക്കുന്നത്. മുസ്‌ലിംലീഗിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും പ്രാദേശിക ഭാരവാഹിയും സജീവ പ്രവര്‍ത്തകനുമായിരുന്നു അജീര്‍. ജീവ കാരുണ്യ സേവന മേഖലകളില്‍ അജീറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ മഹല്ല് കമ്മിറ്റികളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിച്ചിരുന്നു. വടകര സ്വദേശിയായ അജീര്‍ വൈക്കിലശ്ശേരിയില്‍ ഏതാനും വര്‍ഷം താമസിച്ചിരുന്നു. ആ സമയത്താണ് അജീറും തന്‍സീലും അടുക്കുന്നത്. ആ അടുപ്പം വലിയ സൗഹൃദത്തിലേക്ക് വഴി തുറക്കുകയായിരുന്നു.
വൈക്കിലശ്ശേരി സ്വദേശിയായ തന്‍സീല്‍ മരിക്കുമ്പോള്‍ എസ്.കെ.എസ്.എസ്.എഫിന്റെ വടകര മണ്ഡലം ജോയന്റ് സെക്രട്ടറിയായിരുന്നു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലായിരുന്നു ഈ ചെറുപ്പക്കാരന്‍. നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്നതിനു പുറമെ ഖുര്‍ആന്‍ ക്ലാസ്, മത പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തന്‍സീല്‍ മുന്‍കൈ എടുത്തിരുന്നു. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങളെ ഇസ്‌ലാമിക ചര്‍ച്ചകള്‍ക്ക് ഉപയോഗിക്കാന്‍ തന്‍സീല്‍ ഏറെ പരിശ്രമിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 13 നാണ് തന്‍സീല്‍ മരണത്തിന് കീഴടങ്ങിയത്.
തന്‍സീലിന്റെയും മുഹമ്മദ് അജീറിന്റെയും ഓര്‍മ്മകള്‍ക്ക് നിറംനല്‍കാനുള്ള പദ്ധതിക്ക് നാട്ടുകാരുടെ സഹായം തുണയാകുമെന്ന വിശ്വാസമാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."