നെയ്യാര്‍ഡാം വരള്‍ച്ചയുടെ പിടിയില്‍ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധി സംഭരണ ശേഷി കൂട്ടാന്‍ അടിയന്തര നടപടിവേണം
അമ്പൂരി: വിണ്ടു കീറിയ ഭൂമി. അവിടെ അവിടെയായി ജലത്തിന്റെ നേരിയ അംശം. അക്കരെ ഇക്കരെ നടന്നപോകാന്‍ കഴിയുന്ന സ്ഥിതി. അമ്പൂരിയിലെ ജലസമ്പന്ന മേഖലയായ കൊമ്പൈക്കാണിയിലെ ദൃശ്യമാണിത്. സമീപ ഭാവിയില്‍ നെയ്യാറിനും ഇത് സംഭവിക്കുമോയെന്ന് ആശങ്കയുണ്ടായിട്ടുണ്ട്.
അതി രൂക്ഷമായ വരള്‍ച്ചയാണ് അണക്കെട്ടിനെ കാത്തിരിക്കുന്നത്. ഡിസംബറില്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. മൂന്നര ചതുരശ്രകി.മീറ്റര്‍ വിസ്തൃതിയുള്ള ഡാമിന്റെ സംഭരണ പ്രദേശത്ത് ഏതാണ്ട് 50 ശതമാനം ഭാഗത്തും വരള്‍ച്ച പിടിമുറുക്കി കഴിഞ്ഞു. സമീപഭാവിയില്‍ കുടിവെള്ള വിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കും.
എപ്പോഴും ജലസാന്നിധ്യം കാണാറുള്ള കാപ്പുകാട്, ഒരുവപ്പാറ, കൊമ്പൈക്കാണി , മുല്ലയാര്‍, വള്ളിയാര്‍ തുടങ്ങിയിടങ്ങള്‍ നിലവില്‍ വെറും സമതലങ്ങള്‍. അഞ്ചാള്‍ താഴ്ചയില്‍ വരെ വെള്ളമുണ്ടായിരുന്നയിടങ്ങളില്‍ പലതിലും അക്കരെ ഇക്കരെ നടന്നു പോകാമെന്ന സ്ഥിതിയാണ്.
ഡാമില്‍ ഇപ്പോള്‍ 74 മീറ്റര്‍ വെള്ളമേ ഉള്ളു. പരമാവധിയെക്കാള്‍ പത്തു മീറ്റര്‍ കുറവ്. കഴിഞ്ഞ തവണ ഈ സ്ഥാനത്ത് 84. 750 മീറ്ററായിരുന്നു ജലനിരപ്പ്. സംഭരണ ശേഷി പകുതിയേക്കാള്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.ഡാമിനകത്ത് മണ്ണടിഞ്ഞതും അനധികൃത കുടിയേറ്റവുമാണ് സംഭരണ ശേഷി കുറയാന്‍ കാരണമായത്.ഇപ്പോള്‍ സംഭരിച്ചിരിക്കുന്ന ജലം എത്ര നാള്‍ തികയുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഡാമിനെ ആശ്രയിച്ച് നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലായി നിരവധി കുടിവെള്ള പദ്ധതികളാണ് ഉള്ളത്. അതിനുപുറമെയാണ് കാര്‍ഷികാവശ്യങ്ങള്‍. ഡാം വരണ്ടാല്‍ ഇതൊക്കെ പ്രതിസന്ധിയിലാകും.അതിനു പുറമേ ആദിവാസികളുടെ കുടിവെള്ളവും മുട്ടും. കാട്ടുമൃഗങ്ങളുടെ നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ത്തന്നെ കാട്ടുമൃഗങ്ങള്‍ വെള്ളം തേടി നാട്ടിന്‍പുറങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി.
ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നദികള്‍ മിക്കതും വരണ്ടുവരികയാണ്. അഗസ്ത്യമലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കല്ലാര്‍, നെയ്യാര്‍, മുല്ലയാര്‍, വള്ളിയാര്‍ തുടങ്ങി പതിനെട്ടോളം നദികളില്‍ നീരൊഴുക്ക് വളരെ കുറവാണ്. സമീപഭാവിയില്‍ ഗുരുതര ഭവിഷത്തുകളായിരിക്കും ഇത് സൃഷ്ടിക്കുന്നത്.
ഭൂഗര്‍ഭജലസോത്രസ് കൂടിയായ ഡാം വരളുന്നത് ആശങ്കയോടെയാണ് നിവാസികളും അധികൃതരും കാണുന്നത്.
ഡാമില്‍ അടിഞ്ഞിരിക്കുന്ന മണ്ണും മണലും മാറ്റിയാല്‍ സംഭരണ ശേഷി കൂട്ടാനും അത് വഴി കൂടുതല്‍ വെള്ളം ശേഖരിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."