മാവോയിസ്റ്റുകള്‍ക്കെതിരായ വെടിവയ്പ്: സമഗ്ര റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം
മലപ്പുറം: നിലമ്പൂരില്‍ പൊലിസ് വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന് പൊലിസിന് നിര്‍ദേശം നല്കി. പൊലിസ് നല്കിയ റിപ്പോര്‍ട്ട് പൂര്‍ണമല്ലാത്തതിനെ തുടര്‍ന്നാണ് സംഭവം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടും ഒപ്പം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഹാജരാക്കണമെന്നു കമ്മിഷന് ആവശ്യപ്പെട്ടത്.
ഇതിനു പുറമേ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് നല്കിയ റിപ്പോര്‍ട്ടില്‍ ഏറ്റുമുട്ടലിനുള്ള സാഹചര്യം സാധൂകരിക്കുന്ന ഒരു വിശദീകരണവും ഇല്ലെന്ന് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 24നു നടന്ന സംഭവത്തില്‍ 26നാണ് കമ്മിഷന് സംസ്ഥാന പൊലിസ് മേധാവിയോട് സംഭവം സംബന്ധിച്ച വിശദറിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്കാന് ആവശ്യപ്പെട്ടത്.
എന്നാല്‍, ഇന്നലെ മലപ്പുറത്ത് കമ്മിഷന്റെ സിറ്റിങ് നടക്കാനിരിക്കെ 10നാണ് സംസ്ഥാന പൊലിസ് മേധാവിക്ക് ജില്ലാ പൊലിസ് മേധാവി നല്കിയ റിപ്പോര്‍ട്ട് കമ്മിഷന് നല്‍കിയത്.
വണ്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡി മരണം സംബന്ധിച്ച് കേസില്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ പൊലിസ് സൂപ്രണ്ടിനു നിര്‍ദേശം നല്കി.
മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ 45 പരാതികള്‍ പരിഗണിച്ചു.
അഞ്ച് പരാതികള്‍ പുതുതായി സ്വീകരിച്ചു. 14 കേസുകള്‍ സിറ്റിംഗില്‍ പരിഹരിച്ചു. അടുത്ത സിറ്റിങ് 24ന് തിരൂരില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."