ഒളവട്ടൂര്‍-അരൂര്‍ റോഡിന്റെ തകര്‍ച്ച: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിന്
കൊണ്ടോട്ടി: ഒളവട്ടൂര്‍-അരൂര്‍ പ്രദേശത്തെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്ത്. ഇന്നലെ അരൂര്‍ യു.പി സ്‌കൂളില്‍ ചേര്‍ന്ന ജനകീയകണ്‍വന്‍ഷനാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. റോഡിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കിയെടുക്കാന്‍ 35 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു 13 ന് ചേരുന്ന കമ്മിറ്റിയുടെ അടുത്തയോഗത്തില്‍ സമരപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും.
ചീക്കോട് കുടിവെളള പദ്ധതിയുടെ പൈപ്പിടുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഐക്കരപ്പടി-ഒളവട്ടൂര്‍ റോഡാണ് തകര്‍ന്നടിഞ്ഞ് ഗതാഗതയോഗ്യമല്ലാതായത്. അരൂര്‍ പ്രദേശക്കാരുടെ മുഖ്യആശ്രയമായ റോഡ് മഴക്കാലമായാല്‍ ചെളിനിറഞ്ഞും വേനലില്‍ പൊടി നിറഞ്ഞും യാത്രാതീരാദുരിതമാണ്. പുളിക്കല്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പള്ളിപ്പടി മുതല്‍ പുതിയോടത്തു പറമ്പ് വരെയുള്ള ഭാഗമാണ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്. ഈ ഭാഗത്തു റോഡ് നിറയെ വലിയ കുഴികളും ചാലുകളും രൂപപ്പെട്ടു. ഇരുചക്ര വാഹങ്ങള്‍ക്കു പോലും ഇതു വഴിയുള്ള യാത്ര ദുഷ്‌കരമാണ്.
കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി രണ്ടുവര്‍ഷം മുമ്പാണ് റോഡിന്റെ ടാറിട്ട ഭാഗത്തിന്റെ പകുതിയോളം ആദ്യം വെട്ടിപ്പൊളിച്ചത്. ജലവിതരണത്തിനായുള്ള രണ്ടാമത്തെ പൈപ്പ്‌ലൈന്‍ ഇടാനായി റോഡിന്റെ ശേഷിച്ച ഭാഗവും പൊളിച്ചതോടെ റോഡിന്റെ ടാറിട്ട ഭാഗം മുഴുവന്‍ ഇല്ലാതെയായി.
പൈപ്പിടല്‍ ജോലി രണ്ടുവര്‍ഷത്തിലധികം നീണ്ടുനിന്നതോടെയാണ് ജനം ദുരിതത്തിലായത്. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും രോഗികളടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന റോഡാണിത്.
ജനകീയ കണ്‍വെന്‍ഷനില്‍ വാര്‍ഡ്അംഗം അന്‍വര്‍ സാദത്ത് അധ്യക്ഷനായി. എം ഹമീദലി, പി.എന്‍ ഖാദര്‍, അസൈനാര്‍, കീരന്‍, കെ.കെ വീരാന്‍ കുട്ടി, ഫാത്തിമ റോസ്‌ന, നഫീസ, എം മമ്മദ്, ടി.കെ. അബ്ബാസ്, കെ.സി. സതീഷ്, അസ്‌കര്‍,അബ്ദുള്ള, അലവിക്കുട്ടി സംസാരിച്ചു.ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍), കീരന്‍ (കണ്‍വീനര്‍), കെ.എന്‍. ഹാരിസ്, പി.എം.അബ്ദുള്ള കുട്ടി (വൈ. ചെയര്‍മാന്‍മാര്‍), പി.എന്‍ ഖാദര്‍, ബേബി രജനി (ജോ. കണ്‍വീനര്‍മാര്‍) ഫാത്തിമ റോസ് ന (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."