കനത്ത ചൂട്; കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നു
എം.എം മിഥുന്‍
കോഴിക്കോട്: കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് കനത്ത ചൂടുകാരണം വൈകുന്നു. വര്‍ഷത്തില്‍ രണ്ടു തവണയാണ് കുത്തിവയ്‌പ്പെടുക്കാറുള്ളത്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ഇതു നടത്താറുള്ളതെങ്കിലും മെയ് അവസാനമായിട്ടും ഈ വര്‍ഷത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടില്ല.
കനത്ത ചൂടില്‍ കുത്തിവയ്പിനുള്ള മരുന്നുകള്‍ വേഗത്തില്‍ കേടാകുന്നതാണു പ്രതിരോധ പ്രവര്‍ത്തനത്തിനു തടസമാകുന്നത്. മിക്ക ജില്ലകളിലും വേനല്‍മഴ പെയ്‌തെങ്കിലും ചൂടിനു കാര്യമായ ശമനം വന്നിട്ടില്ല.
ജൂണ്‍ ആദ്യവാരത്തില്‍ മഴയെത്തുമെന്ന കാലാവസ്ഥാ അധികൃതരുടെ പ്രവചനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണു മൃഗസംരക്ഷണവകുപ്പ്.
ആറു മാസം കൂടുമ്പോള്‍ നിര്‍ബന്ധമായും എടുക്കേണ്ട കുത്തിവയ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നടന്നത്. ഹൈദരാബാദ് കേന്ദ്രമായുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സില്‍നിന്നാണ് സംസ്ഥാനത്തേക്കുള്ള പ്രതിരോധ മരുന്നെത്തിക്കുന്നത്. ആറുമാസം വരെയാണു കന്നുകാലികളില്‍ മരുന്നിന്റെ പ്രതിരോധശേഷിയുണ്ടാവുക. കുത്തിവയ്പ് ഇനിയും നീണ്ടാല്‍ വൈറസ് പരത്തുന്ന കുളമ്പുരോഗങ്ങള്‍ പോലുള്ള അസുഖം വ്യാപകമാകുമോയെന്ന ആശങ്ക മൃഗസംരക്ഷണ വകുപ്പിനുണ്ട്.
2012ല്‍ പ്രതിരോധ കുത്തിവയ്പ് വൈകിയതിനാല്‍ രോഗം പടര്‍ന്നുപിടിച്ച് നിരവധി മൃഗങ്ങള്‍ ചത്തിരുന്നു. ചൂടുകാരണം കോഴിവസന്ത ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും വളര്‍ത്തുനായകള്‍ക്കുമുള്ള കുത്തിവയ്പുകളും മുടങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."