കടുത്ത വരള്‍ച്ച: വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്ക് നീങ്ങുന്നതോടെ വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയിലാകും. ജല സംഭരണികളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നതിനാലും വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുമെന്നതിനാലും മാര്‍ച്ചു മുതല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചു.
പകല്‍ ഒരു മണിക്കൂറും വൈകിട്ട് ആറു മണി മുതല്‍ പതിനൊന്നു മണിവരെ ഒരു മണിക്കൂറും പവര്‍കട്ട് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജലസംഭരണികളില്‍ ദിനംപ്രതി വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നുവെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തെ ഇത് കാര്യമായി ബാധിക്കും. ദിവസം 10 ദശലക്ഷം യൂനിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകാനിടയുണ്ട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തേണ്ടതുണ്ടെന്നും വൈദ്യുതി കമ്മി പരിഹരിക്കാനാകുമോ എന്ന് ആശങ്കയുണ്ടെന്നും കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 68 ദശലക്ഷം യൂനിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. വരും മാസങ്ങളില്‍ ഉപഭോഗം കൂടാനാണ് സാധ്യത. ജലസംഭരണികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂനിറ്റ് മാത്രമാണ്.
ബാക്കി പുറത്തു നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. കൊടുംവേനല്‍ അനുഭവപ്പെടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം 80 ദശലക്ഷം യൂനിറ്റായി ഉയരുമെന്നാണ് സൂചന. പവര്‍ ഗ്രിഡില്‍ നിന്ന് കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി 60 ദശലക്ഷം യൂനിറ്റാണ്. ശേഷിക്കുന്നത് ലഭിക്കാതെ വരുന്നതാണ് പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ ബോര്‍ഡിനെ നിര്‍ബന്ധിതമാക്കുന്നത്. പരീക്ഷാകാലമായ മാര്‍ച്ചില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. അതിനാല്‍, എങ്ങനെയും പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപെട്ടേക്കാം.അതേ സമയം, 115 വര്‍ഷത്തിനിടയ്ക്ക് കേരളം കണ്ട രൂക്ഷമായ വരള്‍ച്ചയാണിതെന്ന് സംസ്ഥാന ദുരന്തനിവാരണസേന മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് അറിയിച്ചു. ഇത്തരം കാലാവസ്ഥാ വ്യതിയാനം വളരെ ചുരുക്കമായേ ഉണ്ടാകൂ. ഒക്ടോബറില്‍ത്തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ സംസ്ഥാനത്തിനു കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."