സിറിയന്‍ സമാധാന ചര്‍ച്ചയില്‍ അമേരിക്കയെ പങ്കെടുപ്പിക്കാന്‍ റഷ്യ സമ്മതിച്ചു
ബെയ്റൂത്ത്: സിറിയന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 23ന് അസ്താനയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ അമേരിക്കയെ പങ്കെടുപ്പിക്കാന്‍ റഷ്യ സമ്മതിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നയതന്ത്രജ്ഞനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയയില്‍ തുര്‍ക്കിയും റഷ്യയും കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അമേരിക്കയുടെ അഭാവത്തില്‍ വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് കസാഖിസ്ഥാനിലെ അസ്താനയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അമേരിക്കയെ പങ്കെടുപ്പിക്കാന്‍ റഷ്യ സമ്മതിച്ചിരിക്കുന്നത്. സമാധാന ചര്‍ച്ചയിലേക്ക് അമേരിക്കയെ തീര്‍ച്ചയായും ക്ഷണിക്കുമെന്ന് നയതന്ത്ര പ്രതിനിധി അറിയിച്ചു.
അമേരിക്കയെ ചര്‍ച്ചയുടെ ഭാഗമാക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത്ത് കവുസൊഗ്ലൂ വ്യക്തമാക്കിയിട്ടുണ്ട്. സൈപ്രസുമായി ബന്ധപ്പെട്ട് ജനീവയില്‍ വ്യാഴാഴ്ച നടന്ന രാജ്യാന്തര സമ്മേളനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എസിന്റെ ഭാഗമായ അല്‍ നുസ്റ ഫ്രണ്ടി(ഫത്തേ അല്‍-ഷാം)നെ ഒഴിവാക്കിയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഐ.എസ് ഉള്‍പ്പെടെ സിറിയയില്‍ ആക്രമണം നടത്തുന്ന ഭീകരര്‍ക്കെതിരേ യോജിച്ച് ആക്രമണം നടത്താന്‍ തുര്‍ക്കിയും റഷ്യയും തീരുമാനിച്ചിരുന്നു.
ദമസ്കസിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനും ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കും. വാദി ബരാദ മേഖലയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുണ്ടായ പോരാട്ടത്തിലാണ് കുടിവെള്ള വിതരണ പൈപ്പ് ലൈനുകള്‍ തകര്‍ക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."