അരണപ്പാറയില്‍ റെയ്ഡ്: അഞ്ച് ജോഡി മാന്‍കൊമ്പ് കണ്ടെത്തി
കാട്ടിക്കുളം: നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ വനപാലകര്‍ അരണപ്പാറയില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് ജോഡി മാന്‍കൊമ്പ് കണ്ടെത്തി. കഴിഞ്ഞദിവസം രാവിലെ പത്തോടെ മാണാട്ടുവീട്ടില്‍ നിസാറിന്റെ വീട്ടിലും പരിസരങ്ങളിലുമായിരുന്നു പരിശോധന. നിസാറിന്റെ വീട്ടുവളപ്പില്‍ ശൗചാലയത്തിനു പിന്നിലെ കാപ്പിച്ചെടിക്കിടയില്‍ പ്ലാസ്റ്റിക് ചാക്കില്‍ ഒളിപ്പിച്ച നിലയിലാണ് മാന്‍കൊമ്പുകള്‍ കണ്ടെത്തിയത്.
മാംസത്തിനായി വേട്ടയാടിയ മാനുകളുടേതാണ് കൊമ്പുകളെന്ന് വനപാലകര്‍ പറഞ്ഞു. അരണപ്പാറയില്‍ റെയ്ഡ് നടത്തിയ അതേസമയം നിസാറിന്റെ ദ്വാരകയിലുള്ള ബന്ധുവീട്ടിലും പരിശോധന നടന്നു. ഇവിടെനിന്ന് പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. അരണപ്പാറയിലും സമീപങ്ങളിലും മൃഗവേട്ട നടക്കുന്നതായി വനം ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് നയിച്ചത്. ഈ സമയം നിസാറിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അന്വഷണത്തെക്കുറിച്ച് അറിഞ്ഞ നിസാര്‍ ഒളിവിലാണ്. നിസാര്‍ ഉള്‍പ്പെടുന്ന സംഘം അരണപ്പാറ പള്ളിമുക്കിലെ ഒരു വീട്ടില്‍ ഒത്തുകൂടിയാണ് വനത്തില്‍ നായാട്ടിനു പോയിരുന്നതെന്നാണ് വനം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി വനത്തിലും ഇതോടുചേര്‍ന്ന് വടക്കേവയനാട് ഡിവിഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും വന്യജീവികളെ നിറയൊഴിച്ചും വാഹനം ഇടിപ്പിച്ചും കൊന്നതായി സൂചനയുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.
വേട്ടയാടിയ മൃഗങ്ങളുടെ മാംസം ഉണക്കി സംഘം കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വിറ്റിരുന്നതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെ 18 പേരടങ്ങുന്ന വനപാലക സംഘമാണ് റെയ്ഡുകളില്‍ പങ്കെടുത്തത്. വേട്ടസംഘത്തെ പിടികൂടി നിയമത്തിനു മുന്നില്‍ നിര്‍ത്താന്‍ നീക്കം ഊര്‍ജിതമാക്കിയതായി ഡി.എഫ്.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."