ജില്ലയിലെ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലേക്ക്
മാനന്തവാടി: റീസര്‍വേ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള നീക്കം ജില്ലയിലെ റീസര്‍വേ ഓഫിസുകളെയും റീസര്‍വേ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചേക്കും. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റിസര്‍വേ നടപടികള്‍ ആരംഭിച്ചതോടെയാണ് ഏറ്റവും കുറവ് ജീവനക്കാരുള്ള വയനാട്ടില്‍ നിന്നും സര്‍വേയര്‍മാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ എന്നിവരെ മാറ്റാനുള്ള നീക്കം നടക്കുന്നത്. മൂന്ന് താലൂക്കുകളിലായി ഈ തസ്തികളില്‍ 30 ഓളം ജീവനക്കാരാണുള്ളത്. മാനന്തവാടി താലൂക്കില്‍ 10 വില്ലേജുകളിലും ബത്തേരി താലൂക്കില്‍ നാലു വില്ലേജുകളിലും റീസര്‍വേ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. വൈത്തിരി താലൂക്കില്‍ മാത്രമാണ് റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. കൂടാതെ റീസര്‍വേ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്കുകളില്‍ പ്രവര്‍ത്തിച്ച് വരുന്ന എല്‍.ആര്‍.എം അടക്കമുള്ള മേഖലകളില്‍ നിന്നടക്കം ഉദ്യോഗസ്ഥരെ മാറ്റുന്നത് റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിലച്ച് പോകുന്നതിനും ഇടയാക്കും. സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥര്‍ ആ ജില്ലകളിലെ പ്രവര്‍ത്തി കഴിഞ്ഞ് മാത്രമെ ഇങ്ങോട്ട് തിരിച്ചെത്താന്‍ കഴിയുകയുള്ളു എന്നതിനാല്‍ തന്നെ ദീര്‍ഘകാലത്തേക്ക് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. അതേ സമയം കൂടുതല്‍ ജീവനക്കാരുള്ള തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കാമെന്നിരിക്കെയാണ് വയനാട്ടില്‍ നിന്നും ജിവനക്കാരെ മാറ്റാന്‍ ശ്രമം നടക്കുന്നത്. ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കത്തിനെതിരെ എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപ്പെടലുകള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."