കടന്നപ്പള്ളിയിലൂടെ അഴീക്കല്‍ തുറമുഖത്തിനു പുതുപ്രതീക്ഷ
കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയില്‍ തുറമുഖ വകുപ്പ് ലഭിച്ചതോടെ അഴീക്കല്‍ തുറമുഖത്തിനു പ്രതീക്ഷ. വിമാനത്താവളത്തിനു പുറമെ ജില്ലയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണു അഴീക്കല്‍ തുറമുഖ വികസനം. നിലവില്‍ മൈനര്‍ തുറമുഖമായ അഴീക്കല്‍ മേജര്‍ തുറമുഖമാക്കണമെന്നാണു വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. അഴീക്കല്‍ മേജര്‍ തുറമുഖമാകുന്നതോടെ കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു പുതിയസാധ്യതകളും തുറക്കപ്പെടും. കോടികളുടെ കണ്ടെയ്‌നര്‍ സര്‍വിസ് ഇവിടെ നിന്നു നടത്താനുമാകും. ഇതിനു കപ്പല്‍ചാലിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കണം. നിലവില്‍ മൂന്നരമീറ്റര്‍ ആഴമുള്ള തുറമുഖം ആറുമീറ്റര്‍ വരെ ആഴം വര്‍ധിപ്പിക്കണം. ഇതിനായി നെതര്‍ലാന്‍ഡില്‍ നിന്നു ഡ്രഡ്ജര്‍ അഴീക്കല്‍ തുറമുഖത്ത് എത്തിച്ചെങ്കിലും ആഴംകൂട്ടല്‍ ആരംഭിച്ചില്ല. ആഴം വര്‍ധിപ്പിച്ചാല്‍ മാത്രമേ മദര്‍ഷിപ്പുകള്‍ എന്നറിയപ്പെടുന്ന വലിയ കപ്പലുകള്‍ അഴീക്കല്‍ തീരത്തെത്തൂ. കണ്ണൂര്‍ വിമാനത്താവളം കൂടി പ്രവര്‍ത്തനം തുടങ്ങിയാല്‍ അഴീക്കോട് തുറമുഖം വഴി നിലവിലുള്ള ചരക്കുഗതാഗതം ഇരട്ടിയിലധികമാകുമെന്നാണു വിദഗ്ധാഭിപ്രായം. കണ്ണൂരിലെ വ്യവസായലോകവും കണ്ണൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ തലങ്ങളിലുള്ളവര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ദിശയുടെ നേതൃത്വത്തിലും തുറമുഖത്തിനായി ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഇത്തരം ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ അഴീക്കലില്‍ വലിയ കപ്പലുകള്‍ നങ്കൂരമിടുമെന്നാണു വികസനപ്രേമികളുടെ പ്രതീക്ഷ. കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രതി നിധീകരിക്കുന്ന കണ്ണൂര്‍ മണ്ഡലവുമായി ചേര്‍ന്നുകിടക്കുന്ന അഴീക്കോടാണ് അഴീക്കല്‍ തുറമുഖം സ്ഥിതിചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."