സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും
കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 10 വര്‍ഷത്തിനുശേഷം കണ്ണൂരില്‍ നടക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 9.30ന് പ്രധാനവേദിയായ പൊലിസ് മൈതാനിയിലെ 'നിള'യില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന മേളക്ക് തുടക്കമാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി കണ്ണൂരിന്റെ കലാ, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര ഇന്ന് ഉച്ചക്ക് രണ്ടിന് സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. ഐ.ജി ദിനേന്ദ്ര കശ്യപ് ഫ്‌ളാഗ് ഓഫ് ചെയ്യും.
57-ാമത് കലോത്സവത്തിന്റെ വരവറിയിച്ച് 57 സംഗീത അധ്യാപകരുടെ സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമാകുക. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ ശൈലജ, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, പി.കെ ശ്രീമതി എം.പി, ഗായിക കെ.എസ് ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും. 22ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, അഡിഷണല്‍ ഡി.പി.ഐ ജെസി ജോസഫ്, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി പങ്കെടുത്തു.
സാംസ്‌കാരികോത്സവം 17 മുതല്‍
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം 17ന് വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരി കച്ചേരി നടക്കും. 22നു ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന മക്കളോടൊപ്പം പരിപാടിയില്‍ നടന്‍ ശ്രീനിവാസന്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
പരാതി പരിഹാര സെല്‍ ഒരുക്കും
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ സ്വീകരിക്കുന്നതിന് കലോത്സവ നഗരയില്‍ പരാതി പരിഹാര സെല്‍ ഒരുക്കും. പൊലിസ് മൈതാനിയിലെ പ്രധാന വേദിയില്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്ലില്‍ കലോത്സവ നഗരിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആര്‍ക്കും പരാതി നല്‍കാം. ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ മൊബൈല്‍ ആപ്പ് വഴി പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കും. മത്സരാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കുമുണ്ടാകുന്ന പ്രയാസങ്ങള്‍ ഇതുവഴി പരിഹരിക്കും. മത്സര അപ്പീലുകള്‍ സെല്‍ പരിഗണിക്കില്ല.
അടുത്തവര്‍ഷം
കലോത്സവം
അടിമുടി മാറും
പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം കലോത്സവം നടക്കുന്നതിനാല്‍ അടുത്ത വര്‍ഷം കലോത്സവ നടത്തിപ്പ് അടിമുടി മാറും. 2008ലാണ് കലോത്സവ മാന്വല്‍ ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ചത്. അന്ന് ചിലയിനങ്ങള്‍ കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല. 57 ാമത് കലോത്സവം കഴിഞ്ഞയുടന്‍ മാന്വല്‍ പരിഷ്‌ക്കരണം തുടങ്ങും. നിലവിലുള്ള മാന്വല്‍ അടിമുടി മാറ്റണമെന്ന നിര്‍ദേശം ഇപ്പോള്‍ പലകോണുകളില്‍ നിന്നായി ഉയര്‍ന്നിട്ടുണ്ട്. പരിഷ്‌കരണത്തിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിന് 17നു രാവിലെ 10ന് മന്ത്രി സി രവീന്ദ്രനാഥ് മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കും.
പ്ലാസ്റ്റിക് കയറ്റരുത്
പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കുപ്പികളും കലോത്സവ നഗരിയില്‍ കൊണ്ടുവരാതിരിക്കാന്‍ പൊതുജനങ്ങളും മത്സരാര്‍ഥികളും ശ്രദ്ധിക്കണമെന്ന് സംഘാടകസമിതി അഭ്യര്‍ഥിച്ചു.
ബജറ്റ് 2.10 കോടി
ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിന് 2.10 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞവര്‍ഷം 1.90 കോടി രൂപയാണ് അനുവദിച്ചത്.
അപ്പീലുകള്‍
വന്നുതുടങ്ങി
കലോത്സവത്തില്‍ മാറ്റുരക്കുന്നതിനായി അപ്പീലുകള്‍ വന്നു തുടങ്ങി. തൃശൂരില്‍ നിന്ന് 86 അപ്പീലുകളും കോഴിക്കോട് നിന്ന് 61 എണ്ണവും ലഭിച്ചു.
പണമിടപാട്
ഇ-പേയ്‌മെന്റ് വഴി
കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുകയും വിധികര്‍ത്താക്കള്‍ക്കുള്ള വേതനവും ഇക്കുറി ഇ-പേയ്‌മെന്റ് വഴിയായിരിക്കും. വിദ്യാര്‍ഥികള്‍ക്കു ബാങ്ക് അക്കൗണ്ടില്ലെങ്കില്‍ രക്ഷിതാക്കളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. ഇ-പേയ്‌മെന്റ് വഴിയല്ലാതെ പണം നിക്ഷേപിക്കാന്‍ നിര്‍വാഹമില്ലെന്നും സംഘാടകര്‍ അറിയിച്ചു.
ഗ്രേസ് മാര്‍ക്ക്
മത്സരത്തിലെ എ ഗ്രേഡുകാര്‍ക്കു 30 ഗ്രേസ് മാര്‍ക്ക് ലഭിക്കും. ബി ഗ്രേഡുകാര്‍ക്കു 24 മാര്‍ക്കും സി ഗ്രേഡുകാര്‍ക്കു 18 മാര്‍ക്കും ലഭിക്കും.
ഓണ്‍ലൈന്‍ വിഭാഗത്തിനും അവാര്‍ഡ്
കലോത്സവ റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ അവാര്‍ഡുകള്‍ക്കായി ഇക്കുറി ലേ ഔട്ടും ഓണ്‍ലൈന്‍ വിഭാഗത്തെയും പരിഗണിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
ഊട്ടുപുരയില്‍ ഇന്നു പാലുകാച്ചല്‍
കലോത്സവത്തിനായി ഭക്ഷണമൊരുക്കുന്ന ഊട്ടുപുരയില്‍ പാലുകാച്ചല്‍ ഇന്നു രാവിലെ 11ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എ നിര്‍വഹിക്കും.
സ്വര്‍ണക്കപ്പിന് കണ്ണൂരില്‍
ഉജ്ജ്വല വരവേല്‍പ്പ്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പിന് കണ്ണൂര്‍ ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. കലോത്സവത്തില്‍ ചാംപ്യന്‍മാരാകുന്ന ടീമിനു സമ്മാനിക്കുന്ന 117.5 പവന്‍ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ മാഹിപ്പാലില്‍ വച്ച് സംഘാടകസമിതി ഭാരവാഹികള്‍ ചേര്‍ന്നു ഏറ്റുവാങ്ങി. കോഴിക്കോട് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണക്കപ്പ് കഴിഞ്ഞ ദിവസം കോഴിക്കോട് വിദ്യാഭ്യാസ വകുപ്പ് ഓഫിസിലെത്തിച്ച് അവിടെ നിന്ന് ഇന്നലെ വൈകിട്ടാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ സി കൃഷ്ണന്‍ എം.എല്‍.എ, എ.എന്‍ ശംസീര്‍ എം.എല്‍.എ, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍, എ.ഡി.പി.ഐ ജെസ്സി ജോസഫ് ചടങ്ങില്‍ സംബന്ധിച്ചു. സൈദാര്‍ പള്ളി, തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ്, കൊടുവള്ളി, മൂഴപ്പിലങ്ങാട്, എടക്കാട്, ചാല ബൈപ്പാസ്, താഴെ ചൊവ്വ, മേലെ ചൊവ്വ, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഗാന്ധി സര്‍ക്കിള്‍, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. തുടര്‍ന്ന് ട്രഷറിയിലെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. കലോത്സവത്തിന്റെ സമാപന ദിവസം ചാംപ്യന്‍മാര്‍ക്ക് സമ്മാനിക്കുന്നതിനായി സ്വര്‍ണക്കപ്പ് വേദിയിലെത്തിക്കും.
ഏഴുതരം കറികളുമായി പഴയിടം സദ്യ
കണ്ണൂര്‍: കലോത്സവത്തിനെത്തുന്നവരെ കണ്ണൂര്‍ വരവേല്‍ക്കുന്നത് ഏഴുതരം കറികളുള്ള സദ്യയുമായി. രണ്ടുനേരത്തെ ഊണിന് പുറമെ രാവിലെയും വൈകിട്ടും ചായയും പലഹാരവും പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒരുങ്ങും. ഇന്നു രാവിലെ 11ന് ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണ പന്തലില്‍ ടി.വി രാജേഷ് എം.എല്‍.എ പാലുകാച്ചല്‍ നടത്തുന്നതോടെ പഴയിടവും 110 തൊഴിലാളികളും കര്‍മനിരതരാകും. ഇന്നലെ രാത്രിയോടെ ഭക്ഷണ ശാലയിലേക്കുള്ള തൊഴിലാളികള്‍ എത്തിത്തുടങ്ങി.
ഊണിനൊപ്പം ആദ്യദിവസം സാമ്പാര്‍, മോര്, അവിയല്‍, കൂട്ടുകറി, പച്ചടി, തോരന്‍, അച്ചാര്‍ എന്നിവ നല്‍കും. മറ്റു ദിവസങ്ങളില്‍ കാളന്‍, രസം, കിച്ചടി, തീയല്‍, തോരന്‍, അച്ചാര്‍, എലിശ്ശേരി, ഓലന്‍ എന്നിവയും തൂശനിലയില്‍ വിളമ്പും. എല്ലാദിവസവും പായസവുമുണ്ടാകും. അമ്പലപ്പുഴ, പാലട, ഗോതമ്പ്, ഉണക്കലരി, അടപ്രഥമന്‍, പ്രഥമന്‍, നെയ്യപ്പായസം എന്നിവയാണ് കലോത്സവത്തിനെത്തുന്നവരെ കാത്തിരിക്കുന്നത്. രാവിലെ ചായക്കൊപ്പം വിവിധ ദിവസങ്ങളിലായി പുട്ട് കടല, ഇഡ്ഡലി സാമ്പാര്‍, വീശപ്പം ഇസ്റ്റ്, ഉപ്പുമാവ് പയര്‍ എന്നിവയാണു സംഘാടകര്‍ ഒരുക്കുന്നത്. വൈകിട്ട് ചായക്കൊപ്പം ഇലയട, സുഖിയന്‍, വട എന്നിവയുണ്ടാകും. നാളെ 6000 പേര്‍ക്കാണ് ഭക്ഷണം ഒരുക്കുക. മറ്റു ദിവസങ്ങളില്‍ 15000 പേര്‍ക്ക് ഉച്ചഭക്ഷണം തയാറാക്കും. വൈകിട്ട് നാലുമുതല്‍ ആറുവരെ ചായയും നല്‍കും. സമാപന ദിവസമായ 22ന് ഉച്ചഭക്ഷണത്തോടെ ഭക്ഷണശാലയുടെ സേവനം പൂര്‍ത്തിയാകും. ഭക്ഷണശാലയിലേക്ക് ആവശ്യമായ വസ്തുക്കള്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നു സമാഹരിച്ചു കഴിഞ്ഞതായി ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ പ്രകാശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."