ജില്ലയില്‍ അനധികൃത കോഴിക്കടത്ത് വര്‍ധിക്കുന്നു
കാസര്‍കോട്: ജില്ലയില്‍ അനധികൃത കോഴിക്കടത്ത് വര്‍ധിച്ചിട്ടും നടപടിയെടുക്കാനാവാതെ അധികൃതര്‍. സര്‍ക്കാര്‍ നിരോധനം കാറ്റില്‍പ്പറത്തി നിരവധി ലോറികളാണു ദിവസേന കര്‍ണാടക അതിര്‍ത്തി കടന്നെത്തുന്നത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നു അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കോഴികളെ കടത്തുന്നതിനു ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കേയാണ് അനധികൃത കടത്ത് വ്യാപകമാകുന്നത്.
കഴിഞ്ഞ 12നു ഇരുപതോളം ലോറികളിലായി ജില്ലയിലേക്ക് ഇറച്ചിക്കോഴികളെ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ലോറികള്‍ മാത്രമാണ് പൊലിസിനു പിടികൂടാനായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബികള്‍ക്കു ചില പൊലിസ് ഉദ്യോഗസ്ഥരുമായുള്ള ശക്തമായ ബന്ധമാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണു ശക്തമായ നടപടി എടുക്കുന്നതിനു തടസമാവുന്നത്. നിരോധന ഉത്തരവു നടപ്പാക്കുന്നതു സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ പൊലിസിനു ഉന്നത അധികാരികളില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. പത്തും പതിനഞ്ചും വാഹനങ്ങള്‍ വരെ കോഴിക്കടത്ത് വാഹനങ്ങള്‍ക്ക് അകമ്പടി പോകാറുണ്ടെന്നും സംശയം തോന്നിയാല്‍ ഇവരാണ് കടത്ത് ലോറിയിലുള്ളവരെ അറിയിക്കുകയെന്നുമാണ് വിവരം.
കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് കൂടുതലായും കടത്തു നടത്തുന്നത്. പിടികൂടിയാല്‍ തന്നെ ജില്ലയിലെ ഫാമുകളില്‍ നിന്നു കൊണ്ടു വരുന്നതാണെന്ന് ബോധ്യപ്പെടുത്താനാണ് ഇത്. അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ അധികൃതരുടെ ഒത്താശയോടെയാണു കോഴി വണ്ടികള്‍ ജില്ലയിലേക്കു കടക്കുന്നതെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."