ഉത്സവത്തോടനുബന്ധിച്ച് രാഷ്ട്രീയ സംഘര്‍ഷം; സി.ഐയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
ചങ്ങരംകുളം: പ്രദേശത്തെ ഉത്സവങ്ങളോടനുബന്ധിച്ചു നടക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനു പൊന്നാനി സി.ഐയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്നു. സി.ഐ എ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും ക്ഷേത്ര ഭാരവാഹികളും മറ്റു വരവ് കമ്മിറ്റികളും സംയുക്തമായാണ് ചങ്ങരംകുളം സ്റ്റേഷനില്‍ യോഗം ചേര്‍ന്നത്.
ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ രാഷ്ട്രീയം പൂര്‍ണമായും ഒഴിവാക്കി ഉത്സവം നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. പൊന്നാനി , ചങ്ങരംകുളം, പെരുമ്പടപ്പ് എസ്.ഐമാരുടെ നേതൃത്വത്തില്‍ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. പൊലിസ് പട്രോളിങ് ശക്തമാക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള ഫഌക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും ഉള്‍പ്പെടുന്ന രീതിയില്‍ ഉത്സവങ്ങളിലെ ഫഌക്‌സ് ബോര്‍ഡുകള്‍ വയ്ക്കുന്നതും വരവുകള്‍ കൊണ്ടുവരുന്നതും ഒരു പ്രത്യേക പാര്‍ട്ടിയുടെ കളറിലുള്ള വസ്ത്രങ്ങളോ ബാഡ്ജുകളോ റിബ്ബണുകളോ ഉപയോഗിക്കുന്നതും ഒഴിവാക്കും.
ഉത്സവപ്പറമ്പുകളില്‍ തിരക്കേറിയ ഭാഗങ്ങളില്‍ യൂനിഫോമിലും മഫ്ത്തിയിലുമായി പൊലിസിനെ നിയോഗിക്കും. ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിന് ഉച്ചയ്ക്കു രണ്ടിനു ശേഷം ചങ്ങരംകുളം മുതല്‍ എരമംഗലം വരെയുള്ള ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവുമുണ്ടാകും. അമ്പലത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."