വടക്കാഞ്ചേരിയുടെ അഭിനയ മികവിന് നിറച്ചാര്‍ത്തിന്റെ പ്രണാമം
വടക്കാഞ്ചേരി: മലയാള സിനിമാ നാടക മേഖലയില്‍ അഭിനയ മികവിന്റെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച വടക്കാഞ്ചേരിയുടെ പ്രിയപ്പെട്ട അബൂബക്കറിന് നിറച്ചാര്‍ത്ത് സാംസ്‌കാരിക സമിതിയുടെ സ്‌നേഹ പ്രണാമം.
എങ്കക്കാട് രാമ സ്മാരക എല്‍.പി സ്‌കൂളില്‍ പുരോഗമിക്കുന്ന നിറച്ചാര്‍ത്ത് ദേശീയ ചിത്ര കലാക്യാംപിന്റെ മൂന്നാം പതിപ്പ് അബൂബക്കറിന് സമര്‍പ്പിച്ചു. സമര്‍പ്പണ ചടങ്ങ് തലമുറകളുടെ സംഗമമായി മാറുകയും ചെയ്തു.
അഭ്രപാളികളില്‍ നിറങ്ങളുടെ വസന്തം തീര്‍ത്ത ഭരതന്റെ പുത്രന്‍ സിദ്ധാര്‍ഥ് ഭരതന്‍ അബൂബക്കറിന്റെ മകന്‍ നിയാസ് ബക്കറിന് അബൂബക്കറിന്റെ ഛായാചിത്രം കൈമാറിയായിരുന്നു സമര്‍പ്പണം. അബൂബക്കറിനെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നിറച്ചാര്‍ത്ത് വേദിയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. അബൂബക്കറിന്റെ ജീവചരിത്രം ദൃശ്യങ്ങളിലുടെയും ചിത്രങ്ങളിലൂടെയും ക്രമീകരിച്ചു. 1939ല്‍ വടക്കാഞ്ചേരി മാരാത്ത്കുന്ന് സ്വദേശി വീരാവുവിന്റേയും കുഞ്ഞുപ്പാത്തുവിന്റെയും മകനായാണ് അബൂബക്കര്‍ ജനിച്ചത്.
വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഓട്ടുപാറ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിലൂടേയാണ് കലാരംഗത്തെത്തിയത്. ആദ്യകാല ഹാസ്യ പരിപാടിയായ വൈദ്യശാലയിലൂടെ സുപ്രസിദ്ധനായി.
പൊന്നു സൂചി, പോക്കറ്റ് ലാമ്പ്, ദുനിയാവിന്റെ ചിരി തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മുഹമ്മദ് മാനിയുടെ കാട്ട് തീ എന്ന നാടകം പ്രൊ ഫഷനല്‍ നാടക രംഗത്തേക്കുള്ള ചുവടുവെയ്പായി. ചങ്ങനാശ്ശേരി ഗീത, കോട്ടയം നാഷനല്‍, ഗീതാഞ്ജലി എന്നീ തിയേറ്ററുകളിലൂടെ നടന വിസ്മയം തീര്‍ത്ത് അമ്മ, മണ്ണ്, സെര്‍ച്ച് ലെയ്റ്റ്, ദീപ്തി, വേഴാമ്പല്‍, നിശാ സന്ധി, രശ്മി എന്നിവ അബൂബക്കര്‍ അഭിനയിച്ച നാടകങ്ങളില്‍ സുപ്രസിദ്ധമാണ്. നിശാസന്ധിയിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്‌ക്കാരവും അബൂബക്കറിനെ തേടിയെത്തി.
അഗ്‌നി, ദ്വീപ്, സൃഷ്ടി, ചമയം, വാത്സല്യം, സല്ലാപം നാരായീ, വളയം, എന്നിങ്ങനെ വളരെ സമ്പന്നമായ ഒരുശ്രേണി സിനിമയുടേതായി അബൂബക്കറിനോടൊപ്പമുണ്ട്. 1997 ജൂലൈ 17ന് അദ്ദേഹം ചമയങ്ങളഴിച്ചപ്പോള്‍ അത് കലാലോകത്തിന് സമ്മാനിച്ചത് തീരാനഷ്ടമാണ്.
നിറച്ചാര്‍ത്ത് അബൂബക്കറിന് സമര്‍പ്പിച്ചപ്പോള്‍ അത് വിയോഗത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ഈ അതുല്യ നടനുള്ള നാടിന്റെ അര്‍ച്ചനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."