പെണ്‍കരുത്തിന്റെ 'ശ്രീ'
ഹോട്ടലുകളും തയ്യല്‍ക്കടകളും അച്ചാര്‍ യൂനിറ്റുകളുമായി ആരംഭിച്ച കുടുംബശ്രീ സംരംഭങ്ങള്‍ വിവരസാങ്കേതിക വിദ്യാഭ്യാസ രംഗത്തു വരെ മുദ്ര പതിപ്പിച്ചു മുന്നേറുകയാണ്. ജില്ലയില്‍ 10,600 അയല്‍ക്കൂട്ടങ്ങളുമായി സ്ത്രീകളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ ഉണ്ടാക്കിയ മാറ്റം അത്ഭുതകരമാണ്. 42 സി.ഡി.എസുകളില്‍ നിന്നു 1.83 കോടി രൂപ സമ്പാദ്യമായി ഈ വര്‍ഷം സമാഹരിച്ചപ്പോള്‍ ലോണ്‍ ഇനത്തില്‍ അംഗങ്ങള്‍ക്കു വിതരണം ചെയ്തത് ആറു കോടി രൂപയാണ്. അതില്‍ അഞ്ചു കോടി രൂപ തിരിച്ചടച്ചു. 9000 അയല്‍ക്കൂട്ടങ്ങള്‍ അവരുടെ ഇടപാടുകള്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചാണു നടത്തുന്നത്.
അടുക്കളയിലല്ല അരങ്ങില്‍ തന്നെ
അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന സ്ത്രീകളെ സ്വന്തമായി അധ്വാനിക്കാനും സമ്പാദിക്കാനും പഠിപ്പിച്ചതു കുടുംബശ്രീയാണ്. കാസര്‍കോട് നഗരസഭയിലും റസ്റ്റ് ഹൗസിലും മഞ്ചേശ്വരം സെയില്‍സ് ടാക്‌സ് ഓഫിസിലുമൊക്കെ കാന്റീനുകളും സ്വന്തമായി പ്രിന്റിംഗ് പ്രസ്, അപ്പാരല്‍ പാര്‍ക്ക്, ജേഴ്‌സ് നിര്‍മാണ യൂനിറ്റ്, കാറ്ററിംഗ് യൂനിറ്റുകള്‍, തുടങ്ങി നിരവധി സംരഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിച്ച കുടുംബശ്രീ യൂനിറ്റുകള്‍ ജില്ലയിലുണ്ട്. സംഘ കൃഷിയില്‍ സംസ്ഥാനത്തിനു തന്നെ മാതൃകയും ജില്ലയിലെ കുടുംബശ്രീയാണെന്നതും അഭിമാനകരമാണ്. ഉത്തരമലബാറിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ടകളിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 10 പേര്‍ ചേര്‍ന്നുള്ള എയ്ഞ്ചല്‍ കുടുംബശ്രീ യൂനിറ്റ് പ്രവര്‍ത്തകരാണ് ബേക്കല്‍ കോട്ടയിലെ ശുചീകരണം നടത്തുന്നത്. മൂന്നു പേര്‍ അങ്ങുന്ന സ്പാരോ യൂനിറ്റിനാണു ചന്ദ്രഗിരി കോട്ടയുടെ ചുമതല. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കൃഷിഭവന്റെയും പ്രദേശിക സര്‍ക്കാരുകളുടെയും സഹായത്തോടെ വിപണിയിലെത്തിക്കാന്‍ മേളകളും വിപണനകേന്ദ്രങ്ങളും ആരംഭിച്ചു. പ്രാദേശിക വികസനത്തിനു പ്രസക്തി വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് സംഘകൃഷി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്നത്.
നിര്‍മാണ മേഖലയിലും
പട്ടിപിടുത്തത്തിലും
ഒരുകൈ നോക്കും
സ്ത്രീകള്‍ അധികം ഇറങ്ങിച്ചെന്നിട്ടില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കാണ് ജില്ലാ കുടുംബശ്രീ മിഷന്റെ ഇനിയുള്ള പ്രയാണം. അതിനായി പരീക്ഷണാടിസ്ഥാനത്തില്‍ 25 പേര്‍ അടങ്ങുന്ന കെട്ടിട നിര്‍മാണ യൂനിറ്റ് രൂപീകരിച്ചു. തുടക്കത്തില്‍ ഈ മേഖലയില്‍ വൈദഗ്ദ്യമുള്ള ആള്‍ക്കാരുടെ സഹായത്തോടെയായിരിക്കും പ്രവര്‍ത്തനമെങ്കിലും പിന്നീട് പരിശീലനം ലഭിച്ച സത്രീകള്‍ മാത്രമുള്ള ഒരു സംഘമാക്കി മാറ്റും. കൂടാതെ തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ എ.ബി.സി പദ്ധതിയുടെ ഭാഗമായുള്ള പട്ടിപിടിത്തത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഇതിനായി പരിശീലനം 14 പേര്‍ പൂര്‍ത്തിയാക്കി.
കുടുംബശ്രീ സമൂഹത്തില്‍ ചെയ്യുന്നത്
അയല്‍ക്കൂട്ട കുടുംബങ്ങളിലെ അംഗങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുക.
രോഗഗ്രസ്ത കുടുംബാംഗങ്ങളെ (വിശേഷിച്ചും സ്ത്രീകള്‍) രോഗപരിഹാരത്തിന് പ്രാഥമികാരോഗ്യ കേന്ദ്രവുമായും ആരോഗ്യപ്രവര്‍ത്തകരുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുക.
അംഗങ്ങളില്‍ പ്രതിരോധ ചികിത്സ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക.
ശിശുക്കള്‍ക്കു നൂറുശതമാനം പ്രതിരോധചികിത്സ ഉറപ്പുവരുത്തുക.
അംഗകുടുംബങ്ങള്‍ക്കു ശുദ്ധജലത്തിന്റേയും ശുചിത്വ സംവിധാനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുക
പരിസര ശുചിത്വം, ഗൃഹ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയ്ക്കു ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക.
അയല്‍ക്കൂട്ടത്തിന്റെ ആരോഗ്യ പദ്ധതി തയാറാക്കുക.
പരിമിതികളില്‍ തളരാതെ....
പരിമിതികള്‍ നിരവധിയുണ്ടെങ്കിലും ലക്ഷ്യം മറക്കാതെ ജില്ലയുടെ വിവിധ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷനു സാധിച്ചിട്ടുണ്ടെന്നു ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക. കാര്‍ഷികമേഖലയിലും ചെറുകിട സംരംഭങ്ങളിലും മറ്റേതൊരു ജില്ലയോടും കിടപിടിക്കുന്ന രീതിയില്‍ വളര്‍ച്ചാ നിരക്ക് നേടാന്‍ സാധിച്ചു. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഓരോ പദ്ധതിയും വിജയം കാണുന്നത്. ഇനിയങ്ങോട്ട് വൃദ്ധജനങ്ങളുടെയും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടിക ജാതിവര്‍ഗം, തീരദേശ വാസികള്‍ എന്നിവരുടെയും ഇടയില്‍ പ്രത്യേക യൂനിറ്റുകള്‍ രൂപീകരിച്ച് മുന്‍പോട്ട് പോകാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടിയില്‍ കാശുവാരി 'സഫലം'
ചട്ടഞ്ചാല്‍ ആസ്ഥാനമായ സഫലം വനിതാ കശുവണ്ടി സംസ്‌കരണ യൂനിറ്റു ജില്ലയില്‍ മികച്ചുനില്‍ക്കുന്നു. കശുവണ്ടി നേരിട്ടു ശേഖരിച്ച് പരിപ്പാക്കി യൂനിറ്റിലേക്ക് അയക്കും. പോയവര്‍ഷം 125 ക്വിന്റല്‍ കശുവണ്ടിയാണ് കുണ്ടംകുഴിയില്‍ ശേഖരിച്ചത്. പരിപ്പ് ഏഴുതരം ഗ്രേഡാക്കിയാണ് അയക്കുന്നത്. ബേഡകം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ നട്ടെല്ലാണിത്. കാദംബരി റെഡിമെയ്ഡ് യൂനിറ്റ്, ന്യൂട്രിമിക്‌സ് സെന്റര്‍ എന്നിവ മറ്റു സംരംഭങ്ങളാണ്. കെ രമണി ചെയര്‍പേഴ്‌സണും ബിന്ദു ഭാസ്‌കരന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്.
വളയിട്ട കൈകളുടെ പെരുമ കടലും കടന്നു
വളയിട്ട കൈകളുടെ പെരുമ കടലും കടന്ന അഭിമാനത്തോടെയാണ് പള്ളിക്കര പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാര്‍ഡിലെ കുടുംബ ശ്രീ യൂണിറ്റായ ബ്ലോസം ജേഴ്‌സി സ്‌പോര്‍ട്‌സ് വീയര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു യൂനിറ്റുകളെ അപേക്ഷിച്ച് സ്‌പോര്‍ട്‌സ് സംബന്ധമായ വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുകയെന്ന കഠിനമായ പ്രയത്‌നമാണ് അഞ്ചു പേരടങ്ങിയ സ്ത്രീ കൂട്ടായ്മ ഏറ്റെടുത്തത്. അഞ്ചു ലക്ഷത്തോളം രൂപ വായ്പയെടുത്താണ് യൂനിറ്റ് ആരംഭിച്ചത്.
മാതൃകയായി കിനാനൂര്‍ കരിന്തളം സി.ഡി.എസ്
ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തിനാകെ മാതൃകയാണു കിനാനൂര്‍ കരിന്തളം സി.ഡി.എസ്. നിക്ഷേപത്തിലും വായ്പയിനത്തിലും ജില്ലയില്‍ മുന്‍പന്തിയിലാണിവര്‍. 361 കുടുംബശ്രീ യൂനിറ്റുകളാണു ഈ സി.ഡി.എസിനു കീഴിലുള്ളത്. അതില്‍ 33 എണ്ണം എസ്.ടി കുടുംബശ്രീകളാണ്. 14 കോടിയിലധികം രൂപയുടെ നിക്ഷേപം കിനാനൂര്‍ കരിന്തളം സി.ഡി.എസിനു കീഴിലുണ്ട്. 14,60,000,00 രൂപയുടെ ജെ.എല്‍.ജി വായ്പയും 10 ലക്ഷം ലിങ്കേജ് വായ്പയും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. സി.ഡി.എസിന്റെ കീഴിലുള്ള കെ.കെ ഹണി സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന തേനാണ്.
തെങ്ങുകയറ്റത്തിലും വനിതകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇരുപതോളം സ്ത്രീകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കറിപൗഡര്‍ യൂനിറ്റുകള്‍, ടൈലറിങ് യൂനിറ്റുകള്‍, ന്യൂട്രിമിക്‌സ് യൂനിറ്റ്, കൊപ്ര ഡ്രയര്‍, പലചരക്കുകടകള്‍, റെഡിമെയ്ഡ് യൂനിറ്റുകള്‍ തുടങ്ങി വിവിധ സംരംഭങ്ങളും കുടുംബശ്രീ യൂണിറ്റുകളുടെ കീഴിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 20 വനിതകള്‍ക്കു സ്വയംതൊഴില്‍ എന്ന നിലയില്‍ ഓട്ടോറിക്ഷകളും സി.ഡി.എസ് വിതരണം ചെയ്തു. സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഫ്‌ലോര്‍ മാറ്റ് നിര്‍മാണ യൂനിറ്റും തുണിബാഗ് നിര്‍മാണ യൂനിറ്റും അടുത്തകാലത്തായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
മികച്ച സി.ഡി.എസിനുള്ള സംസ്ഥാന അവാര്‍ഡ്, ജില്ലയിലെ മികച്ച സി.ഡി.എസ് (അഞ്ചു തവണ), ദൂരദര്‍ശന്‍ റിയാലിറ്റി ഷോയില്‍ മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം എന്നിവയും നേടി. വി.വി യശോദയാണ് നിലവില്‍ ചെയര്‍പേഴ്‌സണ്‍.
സാമ്പത്തിക സഹായങ്ങള്‍
മൂലധനത്തിന്റെ അപര്യാപ്തത നേരിടുന്ന സൂക്ഷ്മ സംരംഭങ്ങള്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് നല്‍കുന്നത്. പ്രകൃതിക്ഷോഭം തുടങ്ങിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ടാത്ത ധനസഹായമായി 25000 രൂപവരെ നല്‍കുന്നു.
അപ്രതീക്ഷിതമായ വിപണി ഇടിവ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്ലായ്മ തുടങ്ങി പ്രതിസന്ധിഘട്ടങ്ങളില്‍ രണ്ടരലക്ഷം രൂപവരെ രണ്ടാംഘട്ട ധനസഹായമായി ലഭിക്കും. നിലവിലുള്ള അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ധനസഹായം അനുവദിക്കുന്നത്. ഒരു കുടുംബത്തിനു 25,000 മുതല്‍ രണ്ടരലക്ഷം രൂപവരെയാണു അനുവദിക്കുന്നത്.
സൂക്ഷ്മ സംരംഭങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അവയുടെ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു കുടുംബത്തിന് 25000 മുതല്‍ രണ്ടരലക്ഷം രൂപ ഇന്നവേഷന്‍ ഫണ്ട് നല്‍കുന്നു.
സൂക്ഷ്മ സംരംഭങ്ങളുടെ അധികപ്രവര്‍ത്തനത്തിനായുള്ള മൂലധനം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഗ്രൂപ്പ് സംരംഭങ്ങള്‍ക്കായി നല്‍കുന്നതാണ് റിവോള്‍വിംഗ് ഫണ്ട്. പരമാവധി 35000 രൂപയാണ് ഈ ഫണ്ടിലൂടെ നല്‍കുന്നത്.
കരുത്തോടെ മുന്നേറാന്‍
'സ്വയം നവീകരണം'
നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി സ്വയം മേനി പറഞ്ഞിരിക്കാനല്ല ഇനിയങ്ങോട്ട് കുടുംബശ്രീ ജില്ലാ മിഷന്റെ പദ്ധതി. നേട്ടങ്ങള്‍ ഉണ്ടായത് പോലെ ചിലയിടങ്ങളില്‍ കോട്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നു. അതിനായി സംഘടനാ സംവിധാനത്തെ നിര്‍ബന്ധിതമായി സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി കാംപയിന്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകളെ സ്വയംവിലയിരുത്തലോടെ ശക്തിപ്പെടുത്താനായി എട്ടു പേജുള്ള ചോദ്യാവലി ഓരോ യൂനിറ്റുകള്‍ക്കും നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ കൃത്യതയും ലക്ഷ്യവും ഉറപ്പാക്കി വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടാന്‍ ഇതു സഹായിക്കുമെന്നാണു കുടുംബശ്രീ ജില്ലാ മിഷന്റെ പ്രതീക്ഷ. കാംപയിനിന്റെ ഭാഗമായി 28നു ജില്ലയിലെ എല്ലാ യൂനിറ്റുകളും പ്രത്യേക യോഗം ചേരും. പ്രദേശത്തെ മന്ത്രിമാരടക്കുള്ള ജനപ്രതിനിധികള്‍ വിവിധ യോഗങ്ങളില്‍ സംബന്ധിക്കും.
ലക്ഷ്യം വയ്ക്കുന്നത്...
സ്വന്തം കഴിവുകളും കുറവുകളും മനസിലാക്കി കൊണ്ട് ലിംഗപരമായ വിവേചനം തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനുമായി സഹായിക്കുന്ന നൂതന പദ്ധതിയായ 'സ്ത്രീപദവി സ്വയം പഠന പ്രക്രിയ' ചെറിയ രീതിയില്‍ തുടങ്ങി വളരെ പെട്ടെന്നുതന്നെ സംസ്ഥാനവ്യാപകമായി മാറുകയും ഇപ്പോള്‍ അതൊരു തുടര്‍ പ്രിക്രിയയായിത്തീര്‍ന്നിരിക്കുകയും ചെയ്തിരിക്കുന്നു.
സ്വന്തം അനുഭവങ്ങളുടെ പങ്കുവെക്കലുകള്‍, വിശകലനങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയിലൂടെ സ്വയം തിരിച്ചറിയുകയും സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട കരുത്തിനെക്കുറിച്ചും, അറിവിനെക്കുറിച്ചും ബോധവതികളാക്കാന്‍ സ്വയം പഠനപ്രക്രിയയിലൂടെ രണ്ടു ലക്ഷം വരുന്ന റിസോഴ്‌സ് പേഴ്‌സണ്‍ ശൃംഖലയാണ് കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നത്.
വളരെ ഊര്‍ജ്ജസ്വലമായി മുന്നേറിക്കൊണ്ടിരിക്കുന്ന കുടുംബശ്രീയുടെ ഈ നൂതനവിദ്യാഭ്യാസപദ്ധതി സ്ത്രീകളുടെ സൂക്ഷ്മവും സവിശേഷവുമായ പ്രശ്‌നങ്ങളെ കണ്ടെത്തി അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ ആരായുവാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും സഹായകമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."