മുല്ലപ്പെരിയാര്‍ ശില്‍പി ജോണ്‍ പെന്നിക്വിക്കിന്റെ 176 ാം ജന്മദിനം ആഘോഷിച്ചു
തൊടുപുഴ: മുല്ലപ്പെരിയാര്‍ ശില്‍പി ജോണ്‍ പെന്നിക്വിക്കിന്റെ 176 ാം ജന്മദിനം തമിഴ്‌നാട്ടില്‍ ആഘോഷിച്ചു. മലയാളിയുടെ തലയ്ക്കുമീതെ ഡെമോക്ലസിന്റെ വാളുപോലെ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി തമിഴര്‍ക്ക് യുഗപുരുഷനാണ്. ജോണ്‍ പെന്നിക്യുക്കിന്റെ ഓര്‍മകള്‍ പുതുക്കി തെക്കന്‍ തമിഴ്‌നാട്ടില്‍ ജന്മദിനം വിപുലമായാണ് ആഘോഷിച്ചത്. വരണ്ടുണങ്ങി മരുഭൂമിക്ക് തുല്യമായ തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളെ വിളകളുടെ സമൃധിയിലേക്ക് നയിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ പെന്നിക്യുക്ക് തമിഴന് എന്നും ആരാധനാ പാത്രമാണ്.
സുപ്രിം കോടതി വിധികളുടെയും ബലക്ഷയത്തിന്റെയും ചോര്‍ച്ചയുടെയും പാട്ടക്കരാറിന്റെയും പേരില്‍ ഏറെ വിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തറവാടുവിറ്റ് മറ്റുള്ളവര്‍ക്കായി പെന്നിക്വിക്ക് നിര്‍മിച്ച അണക്കെട്ട് കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടുകൊണ്ടിരിക്കുകയാണിന്ന്.
തമിഴ്‌നാട്ടിലെ നിരവധി ഗ്രാമങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിച്ച പെന്നിക്വിക്കിന്റെ ജന്മദിനം ഗംഭീരമായിത്തന്നെ തേനി, മധുര ജില്ലകളിലെ ജനങ്ങള്‍ ആഘോഷിച്ചു. ഇവിടെ വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണ ചടങ്ങുകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. അടുത്ത ജന്മനാള്‍ മുതല്‍ മുല്ലപ്പെരിയാര്‍ ജലം ശേഖരിക്കുന്ന അവസാന പോയിന്റായ രാമനാഥപുരത്തുനിന്ന് തേക്കടിയിലേക്ക് ദീപശിഖാ പ്രയാണം നടത്തി പുതുതലമുറയ്ക്ക് പെന്നിക്വിക്കിനോടുള്ള ആദരവ് വളര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചില ഗ്രാമീണര്‍ ദൈവതുല്യമായാണ് പെന്നിക്വിക്കിനെ കാണുന്നത്.
1841 ജനുവരി 15 ന് ലണ്ടനിലാണ് ജോണ്‍ പെന്നിക്വിക്ക് ജനിച്ചത്. സിവില്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയശേഷം ബ്രട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 1858ല്‍ മദ്രാസിലെത്തി.
ബ്രട്ടീഷ് സര്‍ക്കാരിന്റെ പല പദ്ധതികളിലും മുപ്പത് വര്‍ഷത്തോളം ജോലി ചെയ്തു. 1888ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. നിര്‍മാണം ആരംഭിച്ച അണക്കെട്ട് രണ്ടുവട്ടം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച് നിരവധി തൊഴിലാളികള്‍ മരിച്ചതുമൂലം പലവട്ടം പണികള്‍ നിര്‍ത്തിവെച്ചു. ജോണ്‍ പെന്നിക്വിക്കിനെ ചുമതലയില്‍ നിന്നും മാറ്റുകയും ചെയ്തു. പിന്നീട് മദ്രാസ് ഗവര്‍ണ്ണറായിരുന്ന ലോര്‍ഡ് കണ്ണിമാറ സ്ഥലം സന്ദര്‍ശിക്കുകയും പെന്നിക്വിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
പണികള്‍ പുനരാരംഭിക്കാനും ഉത്തരവിട്ടു. ഇതിനിടെ കനത്ത മഴയില്‍ നിര്‍മാണം പകുതിയായ അണക്കെട്ട് പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയി. ഇതേതുടര്‍ന്ന് അണക്കെട്ട് നിര്‍മാണം ഉപേക്ഷിക്കാനും അതുവരെയുള്ള നഷ്ടം പെന്നിക്വിക്കില്‍നിന്നും ഈടാക്കാനും മദ്രാസ് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ പെന്നിക്വിക്ക് പിന്മാറാന്‍ തയാറായില്ല.
നാട്ടിലെ തറവാട്ടു സ്വത്തുക്കള്‍ വിറ്റ് കിട്ടിയ പണം കൊണ്ട് നാലാം തവണ അദ്ദേഹം ദൗത്യം നിറവേറ്റി. 1241 അടി നീളത്തില്‍ 165 അടി ഉയരത്തില്‍ ശര്‍ക്കരയും ചുണ്ണാമ്പും കലര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യയിലെ ആദ്യ ചെക്ക് ഡാമിന് അന്ന് 80.3 ലക്ഷം രൂപാ ചെലവായി.
1895 ഒക്‌ടോബര്‍ 10 ന് അന്നത്തെ മദ്രാസ് ഗവര്‍ണ്ണര്‍ വെന്‍ലോക്ക് പ്രഭു മുല്ലപ്പെരിയാര്‍ അണക്കെട്ട് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."