ഫൈസല്‍വധം: ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്താവനക്കെതിരേ സമര സമിതി
തിരൂരങ്ങാടി: ഫൈസല്‍വധക്കേസില്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരേ ആഞ്ഞടിച്ച് സര്‍വകക്ഷി സമര സമിതി. പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും സമര സമിതി മുന്നറിയിപ്പ് നല്‍കി. കേസന്വേഷണം അട്ടിമറിക്കാന്‍ ജില്ലാ പൊലിസ് സൂപ്രണ്ട് കൂട്ടുനില്‍ക്കുന്നെന്ന് കഴിഞ്ഞ ദിവസം പി.കെ.അബ്ദുറബ്ബ് എം. എല്‍.എയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എസ്. പി ദേബേശ്കുമാര്‍ ബെഹ്‌റയുടെ പ്രതികരണം ഉണ്ടായത്. കേസന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നും, മലപ്പുറം ഡിവൈ.എസ്.പി. പി.എം പ്രദീപിനെതിരേ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും വീഴ്ച ബോധ്യപ്പെടുത്താന്‍ പരാതിക്കാരന് സാധിച്ചിട്ടില്ല എന്നുമായിരുന്നു എസ്.പി യുടെ വിശദീകരണം.
കുറഞ്ഞ സമയത്തിനകം പതിനൊന്ന് പ്രതികളെയും പിടികൂടി. പ്രതികളെ പല ഭാഗത്തും കാണപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വിശ്വസനീയമല്ല എന്നുള്ള കാര്യങ്ങളും വിശദീകരണത്തിലുണ്ടായിരുന്നു. എന്നാല്‍ എസ്.പി യുടെ വാദം പൊള്ളയാണെന്ന് സര്‍വകക്ഷി തിരിച്ചടിച്ചു. ഫൈസലിന്റെ മാതാവ് ചൂണ്ടിക്കാണിച്ച പലരെയും ചോദ്യം ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല. പ്രതികളെ പിടികൂടാന്‍ ലോക്കല്‍ പൊലിസ് കാണിച്ച മിടുക്ക് ഇതിനായി രൂപീകരിച്ച സംഘം കാണിച്ചിരുന്നെങ്കില്‍ മുഴുവന്‍ പ്രതികളെയും യഥാസമയം പിടികൂടാമായിരുന്നു.
അന്വേഷണം കാര്യക്ഷമമെന്ന് അവകാശപ്പെടുന്ന എസ്.പി ഗൂഢാലോചനാ കേന്ദ്രങ്ങളായ വിദ്യാനികേതന്‍, തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് കേന്ദ്രം എന്നിവയക്കെതിരേ എന്തു നടപടി സ്വീകരിച്ചെന്നും സമിതി ചോദിച്ചു. പ്രതിപ്പട്ടികയില്‍ ഡമ്മികളെ തിരുകിക്കയറ്റുന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനുള്ളിലുണ്ടായ ഭിന്നിപ്പ് തിരിച്ചറിയാന്‍ സാധിക്കാതെ, തന്റെകീഴിലാണ് അന്വേഷണം നടക്കുന്നതെന്ന് പൊലിസ് മേധാവി പറയുന്നത് ലജ്ജാവഹമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫൈസല്‍ വധക്കേസില്‍ നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകാന്‍ തയാറാണെന്നും സര്‍വകക്ഷി സമരസമിതി നേതാക്കളായ സലിം പൂഴിക്കല്‍, അബ്ദുല്‍ ലത്തീഫ് പാലക്കാട്ട് എന്നിവര്‍ മുന്നറിയിപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."