കേസുകളില്‍ വകുപ്പ് ചുമത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം:ഡി.ജി.പി
തിരുവനന്തപുരം:വീടുകളിലോ ഓഫിസുകളിലോ അതിക്രമിച്ച് കടക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ പൊലിസുദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 451,452 വകുപ്പുകള്‍ യാന്ത്രികമായി ചുമത്തുന്നത് സംബന്ധിച്ച ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആയുധം കൈയില്‍ കരുതാതെയും മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെയും ഒരാളുടെ വീട്ടിലോ സ്ഥാപനങ്ങളിലോ അതിക്രമിച്ച് കടക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 451-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. ജാമ്യം കിട്ടുന്നതും ഇരു കക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പാക്കാവുന്നതും പരമാവധി രണ്ട് വര്‍ഷം തടവു ശിക്ഷ കിട്ടാവുന്നതുമാണ് ഈ വകുപ്പ്.
ഇതിനു പകരം ജാമ്യം ലഭിക്കാത്തതും കുറ്റാരോപിതന് ഒത്തുതീര്‍പ്പിന് അവസരം ലഭിക്കാത്തതുമായ 452-ാം വകുപ്പ് ചേര്‍ത്ത് ഇത്തരം കുറ്റങ്ങളില്‍ കേസെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പുകള്‍ ചുമത്തുമ്പോള്‍ വിശദമായ അന്വേഷണം നടത്തി ബോധ്യപ്പെട്ടശേഷം മാത്രമേ എസ്.എച്ച്.ഒ.മാര്‍ വകുപ്പ് നിശ്ചയിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."