ബി.ജെ.പി നേതൃയോഗം രാധാകൃഷ്ണനും സി.കെ.പിക്കും രൂക്ഷ വിമര്‍ശനം
കോട്ടയം: ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്‍ എന്നിവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം.
നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ രാവിലെ മുതല്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇരുനേതാക്കള്‍ക്കുമെതിരേ നേതൃത്വം രൂക്ഷമായ വിമര്‍ശനം നടത്തിയത്. എം.ടി വാസുദേവന്‍ നായര്‍, കമല്‍ എന്നിവര്‍ക്കെതിരേ എ.എന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും രംഗത്തുവന്നു.
കമലിനോട് രാജ്യം വിടണമെന്ന് പറഞ്ഞത് രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പ്രസ്താവനയല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയായിരുന്നോ ഈ പ്രസ്താവനയെന്നും നേതാക്കള്‍ ചോദിച്ചു.
അതേസമയം രാധാകൃഷ്ണനെതിരേ മാധ്യമങ്ങളിലൂടെ പരസ്യനിലപാടെടുത്ത ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭനെതിരേ നേതൃയോഗത്തില്‍ പങ്കെടുത്ത കെ.സുരേന്ദ്രനൊഴികെ മുഴുവന്‍ നേതാക്കളും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സി.കെ.പിക്കെതിരേ നടപടി വേണമെന്ന് ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കമലിനെയും എം.ടിയെയും ചെ ഗുവേരയെയും മഹത്വവല്‍കരിക്കാന്‍ സി.കെ. പത്മനാഭന്‍ ശ്രമിച്ചതിനെയും നേതാക്കള്‍ വിമര്‍ശിച്ചു.
അതിനിടെ, സി.കെ.പി പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേക്കാറാന്‍ ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹം ബി.ജെ.പി കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. സി.കെ പത്മനാഭനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത് അദ്ദേഹത്തെ സി.പി.എമ്മിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്യലാണെന്ന സൂചനയുണ്ട്. സി.പി.എം പശ്ചാത്തലമുള്ള സി.കെ.പിയുടെ തിരിച്ചുവരവ് പാര്‍ട്ടിക്ക് കണ്ണൂരിലടക്കം വന്‍ തോതില്‍ ഗുണം ചെയ്യുമെന്ന് സി.പി.എം കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."