മിനുട്‌സ് ബുക്ക് പൂര്‍ത്തീകരിക്കാത്തതിന്റെ രേഖകളുമായി ലീഗ് കൗണ്‍സിലര്‍മാര്‍
കൊണ്ടോട്ടി: നഗരസഭാ യോഗത്തിലെ തീരുമാനങ്ങളുടെ മിനുട്‌സ് ബുക്കില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും എഴുതിച്ചേര്‍ക്കാന്‍ പാകത്തില്‍ ഒഴിച്ചിട്ടു പൂര്‍ത്തീകരിക്കാത്തതിന്റെ രേഖകളുമായി മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരും മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റിയും രംഗത്ത്. കൗണ്‍സില്‍ യോഗങ്ങളുടെ മിനുട്‌സും രേഖകളും കൃത്യമായി തയാറാക്കാതെ പിന്നീട് കൗണ്‍സില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ക്കാനായി ഒഴിച്ചിട്ട സംഭവങ്ങളുടേയും കോപ്പികളുമായാണ് ലീഗ് കൗണ്‍സിലര്‍മാര്‍ ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
കൗണ്‍സില്‍ യോഗം ചേര്‍ന്ന നാലു ദിവസത്തിനകം മിനുട്‌സ് ബുക്കി എഴുതി ചെയര്‍മാന്‍ ഒപ്പുവയ്ക്കണം. ഇത്തരത്തിലുളള ബുക്കിലാണ് എഴുതിച്ചേര്‍ക്കാന്‍ പാകത്തില്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഭരണപക്ഷത്തിനെതിരേ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ 29ന് ചേര്‍ന്ന യോഗത്തിലെ മിനുട്‌സ് ബുക്കില്‍ അജന്‍ഡ എട്ട്, പതിനൊന്ന് എന്നിവയുടെ സ്ഥാനത്ത് ഒന്നുമെഴുതിയിട്ടില്ല. 2015 ഡിസംബര്‍ 15ന്റെ മിനുട്‌സ്ബുക്കില്‍ സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിയ വകിയില്‍ എത്ര രൂപയാണെന്ന് ഇതുവരെ ചേര്‍ത്തിട്ടില്ല. 2016 ജൂണില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനത്തില്‍ ബഡ്‌സ് സ്‌കൂള്‍ ബസിന്റെ ജീവനക്കാരനു നല്‍കേണ്ട തുകയും ഒഴിച്ചിട്ടിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് യു.കെ മമ്മദിശ, എം.എ റഹീം, കൗണ്‍സിലര്‍മാരായ സി. മുഹമ്മദ് റാഫി, ഇ.എം റഷീദ്, ഒ.പി മുസ്തഫ, കെ.സി ഷീബ, സി. മിനിമോള്‍, രജനി വട്ടപ്പറമ്പ്, അസ്മാബി നാനാക്കല്‍, കെ.പി മറിയുമ്മ, കെ.കെ മൂസക്കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."