ബത്തേരി താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം വൈകുന്നു
സുല്‍ത്താന്‍ ബത്തേരി: സാങ്കേതിക പ്രശ്നങ്ങളും നിയമ മാറ്റങ്ങളും കാരണം സൂപ്പര്‍ സ്പെഷ്യാലിറ്റി നിരയിലേക്കുയരുന്ന ബത്തേരി താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം അനന്തമായി നീളുന്നു.
നിലവില്‍ ഫെയര്‍ലാന്‍ഡില്‍ അഞ്ചുനില കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ നിലയിലാണ്. എന്നാല്‍ നഗരസഭ കെട്ടിട നമ്പര്‍ നല്‍കാത്തത് കാരണം ഇതുവരെ വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല.
ഫയര്‍ റസ്ക്യു വിഭാഗത്തിന്റെ ലൈസന്‍സ് ലഭിക്കാത്തതാണ് നഗരസഭയില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് തടസമാകുന്നത്. ലൈസന്‍സ് ലഭിക്കുന്നതിന് കെട്ടിടത്തില്‍ ഇനിയും നിയമാനുസൃതമായ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അലാം, അനൗണ്‍സ്മെന്റ് സംവിധാനം, ഗോവണിയുടെ കൈവരികള്‍ക്ക് ഉയരം വര്‍ധിപ്പിക്കല്‍, സൂചിക ഫലകങ്ങള്‍ സ്ഥാപിക്കല്‍, വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ലൈറ്റിങ് സംവിധാനം ഒരുക്കല്‍, രണ്ട് ലിഫ്റ്റ് എന്നിവയാണ് ഇതിനായി നിര്‍മിക്കേണ്ടത്. എന്നാല്‍ നാല് വര്‍ഷം മുന്‍പ് കെട്ടിട നിര്‍മാണം ആരംഭിക്കുമ്പോള്‍ ഫയര്‍ റസ്ക്യു ലൈസന്‍സ് ലഭിക്കാന്‍ ഇത്രയും സാങ്കേതിക പ്രശ്നങ്ങല്‍ ഉണ്ടായിരുന്നില്ല.നിലവില്‍ എം.എസ്.ഡി.പി ഫണ്ട് ഇനത്തില്‍ 29 ലക്ഷം രൂപയാണുള്ളത്. ഇതില്‍ നാലു ലക്ഷത്തോളം രൂപ വീതം ഫയര്‍ റസ്ക്യു വിഭാഗം, കെ.എസ്ഇ.ബി ലൈസന്‍സുകള്‍ക്ക് നല്‍കണം. ബാക്കി വരുന്ന 21 ലക്ഷം രൂപയില്‍ അഞ്ചുലക്ഷം രൂപ ഫയര്‍ റസ്ക്യു നിര്‍ദേശിച്ച ലിഫ്റ്റ് സ്ഥാപിക്കുന്നതിനൊഴികെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് വേണം.
ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിന് 65 ലക്ഷത്തോളം രൂപയാകും. കൂടാതെ പുതിയ ബ്ലോക്കില്‍ കാഷ്വാലിറ്റിയില്‍ ടോയിലറ്റ് നിര്‍മിച്ചിട്ടില്ല. വാര്‍ഡുകളില്‍ രണ്ട് വാതില്‍ വേണ്ടിടത്ത് ഒരു വാതില്‍ മാത്രമാണുള്ളത്.
മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കണമെങ്കില്‍ 90 ലക്ഷത്തോളം രൂപ വേണം. ഇതിനായി എം.എസ്.ഡി.പി ഫണ്ട് വകമാറ്റുന്നതിനായി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ആശുപത്രി എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."