മാനസികാരോഗ്യ പദ്ധതിയില്‍ ഫാര്‍മസിസ്റ്റുകളില്ല; മരുന്ന് വിതരണം പ്രതിസന്ധിയില്‍
കോഴിക്കോട്:ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ഫാര്‍മസിസ്റ്റുകളെ തഴഞ്ഞതായി ആക്ഷേപം. മരുന്നിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഫാര്‍മസിസ്റ്റുകളെ ഉള്‍പ്പെടുത്താത്തിനാല്‍ ഏതു വിധേനയാണ് മരുന്നു വിതരണം ചെയ്യുകയെന്നറിയില്ല. ആരോഗ്യ വകുപ്പ് ഇറക്കിയ വിജ്്ഞാപന പ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ സൈക്യാട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫിസ് അറ്റന്റര്‍ തുടങ്ങിയ തസ്തികകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇവര്‍ മാസത്തില്‍ ഒരു തവണ ക്യാംപ് നടത്തുകയാണ് ലക്ഷ്യമിടുന്നത്.
ഉള്‍നാടുകളില്‍ ചികിത്സയും പരിചരണവും രോഗികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണിത്. എന്നാല്‍ മരുന്നുകള്‍ ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ക്യാംപ് നടത്തുന്ന ആശുപത്രികളിലെ ഫാര്‍മസിസ്റ്റുകളെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് സ്വീകരിക്കുന്നതെങ്കില്‍ നടപടി പ്രത്യാഘാതത്തിനിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മാനസിക രോഗികള്‍ക്കുള്ള മരുന്നുകള്‍ കൃത്യമായും നിര്‍ദേശങ്ങള്‍ക്കനുസരിച്ചും നല്‍കേണ്ടതാണ്. ആശുപത്രികളിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് അധിക ജോലിയായി ഈ മരുന്ന് വിതരണം നല്‍കുമ്പോള്‍ കൃത്യത നഷ്ടപ്പെടും. മൂന്നരക്കോടി രൂപയാണ് ജില്ലാ മാനസികാരോഗ്യ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്റ്റാഫ്പാറ്റേണ്‍ പരിഷ്‌കരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടുണ്ടാവാത്തതും ഫാര്‍മസിസ്റ്റുകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."