12,530 മഴക്കുഴികളും 22,526 മരത്തൈകളും നാടിനെ കാക്കും
കല്‍പ്പറ്റ: ജില്ലയില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 12,530 മഴക്കുഴികള്‍ നിര്‍മിച്ചതായും 22,526 മരത്തൈകള്‍ നട്ടുപിടിപ്പിച്ചതായും ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി അറിയിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാതല അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 128 ചെക്ക്ഡാമുകളില്‍ 62 എണ്ണവും കനാല്‍ നവീകരണത്തില്‍ ഏറ്റെടുത്ത 75ല്‍ 69 എണ്ണവും പൂര്‍ത്തിയാക്കി.
കിണര്‍ ശുചീകരണം, മറ്റു കുടിവെള്ള സ്രോതസുകളുടെ നവീകരണം എന്നീ പ്രവൃത്തികള്‍ 187 എണ്ണം ഏറ്റെടുത്തതില്‍ 61 എണ്ണം പൂര്‍ത്തിയാക്കുകയും 126 പ്രവൃത്തികളുടെ നിര്‍വഹണം പുരോഗമിക്കുന്നുമുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ 35,000 വിവിധ പച്ചക്കറിത്തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും 30,000 മീറ്റര്‍ നീളത്തില്‍ മണ്‍ കയ്യാല നിര്‍മിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നട്ടുപിടിപ്പിച്ച മരത്തൈകള്‍ പരിപാലിക്കുന്നതിന് തദ്ദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള നടപടികള്‍ തുടങ്ങി. പ്ലാസ്റ്റിക് നിരോധനത്തിന് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ പൊതുപരിപാടികള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാനും ഇതിന്റെ ആദ്യപടിയെന്നോണം കലക്ടറേറ്റിലെ പൊതുപരിപാടികളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹാളുകള്‍, മാളുകള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി ചര്‍ച്ച നടത്തുകയും ഉറവിട മാലിന്യ സംസ്‌കരണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്വയം സഹായ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയുടെ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി വരികയാണ്. ഓഫിസുകളുടെ പരിസര ശുചീകരണം, ചെക്ക് ഡാം നവീകരണം, ജൈവ പുതയിടല്‍, തെങ്ങിന്‍തടം തുറക്കല്‍, ഫാം ബണ്ടിങ്ങ്, ശുചിത്വ ക്വിസ് മത്സരം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, തോട് ശുചീകരണം തുടങ്ങിയവയും നടത്തിവരുന്നതായി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."