മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി അഴിമതി നടത്തിയതിന് തെളിവുമായി യൂത്ത് ലീഗ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേശകനുമായ എന്‍.കെ ജയകുമാര്‍ അഴിമതിയും ക്രമക്കേടും നടത്തിയതിനു തെളിവുകളുമായി മുസ്്‌ലിം യൂത്ത് ലീഗ്.
അഴിമതിക്കാരനായ അദ്ദേഹത്തെ പദവിയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) വൈസ് ചാന്‍സലറായിരിക്കെ എച്ച്.പി.എല്‍ എന്ന കമ്പനിക്ക് അദ്ദേഹം ചട്ടവിരുദ്ധമായി 15 കോടിയോളം രൂപ അനുവദിച്ചതിന്റെ രേഖകള്‍ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് അദ്ദേഹം പണം നല്‍കിയതെന്ന് ഓഡിറ്റ് ഒബ്ജക്്ഷന്‍ രേഖകളിലുണ്ടെന്ന് ഫിറോസ് പറഞ്ഞു.
നുവാല്‍സ് ചാന്‍സലറായിരുന്ന ജസ്റ്റിസ് അശോക് ഭൂഷണ്‍ ഇതു സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പിണറായി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്.
ശമ്പളയിനത്തില്‍ അധികപണമായി ജയകുമാര്‍ കൈപ്പറ്റിയ 8,73,214 രൂപ തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. ഔദ്യോഗിക ആവശ്യത്തിനായി സര്‍വകലാശാല നല്‍കിയ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തിരിച്ചേല്‍പ്പിക്കാതെയാണ് ജയകുമാര്‍ വി.സി സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നതു കൊണ്ടാണ്. ജയകുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് യൂത്ത് ലീഗ് പരാതി നല്‍കും.
ശേഖരിച്ച മുഴുവന്‍ തെളിവുകളും വിജിലന്‍സിനു കൈമാറും. തിരുവനന്തപുരം ലോ അക്കാദമി ചെയര്‍മാന്‍ നാരായണന്‍ നായര്‍ ജയകുമാറിന്റെ അമ്മാവനാണ്. അതുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തിയിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പ്രശ്‌നത്തില്‍ ഇടപെടാത്തത്.
നുവാല്‍സില്‍ ജയകുമാറിന്റെ മകള്‍ക്കും നാരായണന്‍ നായരുടെ മകന്റെ ഭാര്യയ്ക്കും വഴിവിട്ട നിയമനം നല്‍കിയിട്ടുണ്ട്. അതും അന്വേഷണപരിധിയല്‍ ഉള്‍പ്പെടുത്തണം.
എച്ച്.പി.എല്‍ കമ്പനി ജയകുമാറിന്റെ വീട്ടിലേക്കു റോഡ് നിര്‍മിച്ചുകൊടുത്തതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുല്‍ഫിക്കര്‍ സലാം, സെക്രട്ടറി കെ.എസ് സിയാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡി.നൗഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."