കല മത്സരവേദികളില്‍ തളച്ചിടരുത്: ഡോ. ദിവ്യ നെടുങ്ങാടി
കലോല്‍സവ വേദികളില്‍ മത്സരം കൊഴുക്കുമ്പോഴും ഡോ. ദിവ്യ നെടുങ്ങാടിക്കു മത്സരാര്‍ഥികളുടെ ജയപരാജയങ്ങളെ കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ല.
കാരണം, ജയം മത്സരങ്ങളില്‍ തീരുമാനിക്കപ്പെടേണ്ടതല്ലെന്നാണു പ്രമുഖ നര്‍ത്തകി വിനീത നെടുങ്ങാടിയുടെ ശിഷ്യകൂടിയായ ഈ മോഹിനിയാട്ടം നര്‍ത്തകിയുടെ പക്ഷം. അഞ്ചോ പത്തോ മിനുട്ടു കൊണ്ടു വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന നൃത്തയിനങ്ങളില്‍ പ്രതിഭകളുടെ ആഴമളക്കാന്‍ വ്യക്തമായും കഴിയില്ലെന്നാണു ദിവ്യയുടെ അഭിപ്രായം. കലോത്സവ വേദികളിലെ പൊതുരീതികളെയും ധാരണകളെയും കുറിച്ചു പ്രമുഖ മോഹിനിയാട്ടം നര്‍ത്തകി ഡോ.ദിവ്യ നെടുങ്ങാടി സംസാരിക്കുന്നു.
?അറിയപ്പെടുന്ന നര്‍ത്തകിയായിട്ടും എന്തു കൊണ്ടാണു ശിഷ്യകള്‍ ആരും കലോത്സവ വേദിയില്‍ എത്താത്തത്
= അതിനു കാരണം, മത്സരങ്ങള്‍ പ്രതിഭകളുടെ അളവുകോലല്ല എന്നതാണ്. വളരെ നാളുകള്‍ കൊണ്ടു കഷ്ടപ്പെട്ട് പഠിച്ചെടുക്കേണ്ടതാണ് ഓരോ നൃത്തയിനവും. അതു വേദിയില്‍ അവതരിപ്പിക്കുന്നതിനും ആ തരത്തിലുള്ള ഗൗരവവവും തയാറെടുപ്പും വേണം. അപ്പീലുകള്‍ ഉള്‍പ്പെടെ എത്ര മത്സരാര്‍ഥികളാണു നൃത്തയിനങ്ങളില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം ആരംഭിക്കുന്ന മത്സരം പലപ്പോഴും അവസാനിക്കുന്നത് പിറ്റേന്നു വെളുപ്പിനാണ്. വേഷമണിഞ്ഞു മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വേദിയിലെത്തുന്ന കുട്ടികള്‍ക്ക് എങ്ങിനെയാണ് ഉന്‍മേഷത്തോടെ നൃത്തം അവതരിപ്പിക്കാനാക്കുക. പത്തു മിനുട്ടു മാത്രം ന്ീളുന്ന ഇനത്തിനാണ് ഈ സാഹസമെന്ന് ഓര്‍ക്കുക. ഗ്രേസ് മാര്‍ക്കിനല്ല, ആത്മസംതൃപ്തിക്കു വേണ്ടിയാണു കലാപ്രകടനം നടത്തേണ്ടത്. മറ്റെല്ലാം പിറകെ വരേണ്ടതാണ്. ഗ്രേസ് മാര്‍ക്കാണു മിക്ക കുട്ടികളെയും വേദിയിലെത്തിക്കുന്നത്.
ഞാനൊരിക്കലും കലയെ മത്സരോപാധിയായി സമീപിച്ചിട്ടില്ല. മാനവീകതയാണു കലകള്‍ മുന്നോട്ടു വെക്കേണ്ടത്. കേരളത്തില്‍ മത്സരാല്‍മകതയുടെ മറവില്‍ കല ഒരു വലിയ ഇന്‍ഡസ്ട്രിയായി വളര്‍ന്നുകഴിഞ്ഞു. കോടിക്കണക്കിനു രൂപ ക്രയവിക്രയം ചെയ്യപ്പെടുന്ന വ്യവസായം. അതില്‍ ഉപജീവിച്ചും ത ചൂഷണം ചെയ്തും കഴിയുന്ന പതിനായിരങ്ങള്‍. എന്തായാലും ഞാനതിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നില്ല. ഇത്രവലിയ കോലാഹലങ്ങള്‍ ഇവിടെ സൃഷ്ടിക്കുമ്പോഴും ഇത്രയും കാലം കൊണ്ടു ലോകപ്രശസ്തരായ എത്ര കലാകാരന്മാരെയും കലാകാരികളെയും നമ്മള്‍ സൃഷ്ടിച്ചെടുത്തു എന്നു ചോദിക്കുന്നിടത്താണ് കലാരംഗത്തെ നമ്മുടെ ഇരട്ടത്താപ്പും പാപ്പരത്തവും വെളിച്ചത്ത് വരുന്നത്.
'ദീക്ഷ' എന്ന എന്റെ കളരിയില്‍ എന്തായാലും മത്സരത്തിനു സ്ഥാനമില്ല. മത്സരത്തിനു വേണ്ടിയല്ലാതെതന്നെ ഒരുപാടു നല്ല കഴിവുള്ള കുട്ടികള്‍ എന്റെ അടുത്ത് വരുന്നുണ്ട്.
? മത്സരവേദികള്‍ക്കു ശേഷം മിക്ക കുട്ടികളെയും കലാലോകത്ത് കാണാനാകുന്നില്ല. അവര്‍ക്ക്് എന്തു സംഭവിക്കുന്നുവെന്ന് ആലോചിച്ചുണ്ടോ
= കാരണം, ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഗ്രേസ് മാര്‍ക്കാണ് പലരുടെയും ല്ക്ഷ്യം. അതു കിട്ടിക്കഴിഞ്ഞാല്‍, സ്‌കൂള്‍ പഠനം കഴിഞ്ഞാല്‍ പിന്നീട് ഈ മേഖലയില്‍ ആരും സജീവമല്ല. താല്‍പര്യമുള്ളവര്‍ക്കാകട്ടെ ളരാനുള്ള സാഹചര്യവുമില്ല. പലരും പലതരം അനുഭവത്തില്‍ കൂടിയാണ് കടന്നു വരുന്നത്.
?അങ്ങിനെ ഏതെങ്കിലും തരത്തിലുള്ള തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ.
= പൊതുവേ മെലിഞ്ഞ ശരീരപ്രകൃതി ആയതുകൊണ്ടാവാം സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഒരു ടീച്ചര്‍ ചോദിച്ചു 'ഇത്ര മെലിഞ്ഞ കുട്ടിയെങ്ങിനെയാ മോഹിനിയാട്ടം കളിക്കുന്നതെന്ന്'. ഇതുപോലൊരനുഭവം കാലടിയില്‍ എം. എക്ക് പഠിക്കുമ്പോഴും ഉണ്ടായി. തിരുവനന്തപുരത്തു നിന്നു വന്ന എക്‌സാമിനര്‍ കേരളനടനം പഠിപ്പിക്കുന്ന പേരുകേട്ട ഗുരുവാണ് ചോദിച്ചു;' ഇത്ര മെലിഞ്ഞ ആളൊക്കെ മോഹിനിയാട്ടം പഠിച്ചിട്ടെന്തിനാ..' മോഹിനിയാട്ടത്തെക്കുറിച്ചുള്ള എക്‌സ്‌പേര്‍ട്ടുകളുടെ അഭിപ്രായം ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. മോഹിനിയാട്ടത്തിലെ കെട്ടുകാഴ്ചയും യൂത്തുഫെസ്റ്റിവലുകള്‍ അപ നിര്‍മിക്കുന്ന സൗന്ദര്യബോധവുമൊക്കെ മോഹിനിയാട്ടത്തിലെ പ്രശ്‌നങ്ങളായിത്തന്നെ നില്‍ക്കുന്നു.
?സി.ബി.എസ്.സിക്കു സയന്‍സ് പഠിച്ച് സംസ്‌കൃത സാഹിത്യത്തില്‍ ഡിഗ്രിക്കു ചേരാനുണ്ടായ സാഹചര്യം
= ഈ മേഖലയെ കുറിച്ചു വിശദമായ പഠനം നടത്തണമെന്ന താല്‍പര്യമാണ് അതിനു കാരണം. നാട്യശാസ്ത്രമടക്കമുള്ള പൗരാണിക നാട്യഗ്രന്ഥങ്ങള്‍ എല്ലാം സംസ്‌കൃതത്തിലാണെന്നതും ഈ ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനത്തിനു സംസ്‌കൃതം അത്യാവശ്യമാണെന്ന ഗുരു വിനിതാ നെടുങ്ങാടിയുടെ ഉപദേശവും തുടര്‍ പഠനം സംസ്‌കൃതത്തിലാക്കാന്‍ കാരണങ്ങളായി. പഠനം എന്തായാലും വെറുതെയായില്ല. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദപഠനം പൂര്‍ത്തിയാക്കി.
ബിരുദപഠന സമയത്താണു കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും 'ടാലന്റിങ് ആര്‍ട്ടിസ്റ്റ്' സ്‌കോളര്‍ഷിപ്പു ലഭിക്കുന്നത്.ഇതിന്റെ ഭാഗമായി സ്വാതിതിരുനാളിന്റെ കൃതികളില്‍ നിന്നു മോഹിനിയാട്ടത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത കൃതികള്‍ തിരഞ്ഞെടുത്ത് ഗുരുവിന്റെ സഹായത്തോടെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു. കൂടാതെ മൂന്ന് അഷ്ടപദികളും ചിട്ടപ്പെടുത്തി. റിച്ചാര്‍ഡ് ഷീനറുടെ പെര്‍ഫോമന്‍സ് തീയറിയും സ്റ്റേജ് ലൈറ്റിങും സ്‌കോളര്‍ഷിപ്പോടെ കൂടുതല്‍ വിശദമായി പഠിക്കാന്‍ സാധിച്ചു.
? മത്സരങ്ങള്‍ക്കു ശേഷം സാധാരണനിലയില്‍ നൃത്തപരിപാടികളുമായി മുന്നോട്ടു പോവുകയല്ലാതെ പിന്നീട് ഈ മേഖലയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നാണ് പലരുടെയും ധാരണ. അത് എത്രത്തോളം ശരിയാണ്. ഈ മേഖലയിലെ ഉപരിസാധ്യകള്‍ എന്തൊക്കെയാണ്.
= ഒരു പാടുണ്ട്. എല്ലാറ്റിനും താല്‍പര്യവും അന്വേഷണത്വരയും വേണമെന്നു മാത്രം. ആരും ഒന്നും കൊണ്ടുതരില്ല. ഞാന്‍ തന്നെ മോഹിനിയാട്ടത്തില്‍ റിസര്‍ച്ച്് ചെയ്ത വ്യക്തിയാണ്. മോഹിനിയാട്ടത്തിന്റെ തനതു വല്‍ക്കരണത്തില്‍ കാവാലത്തിന്റെ സംഭാവനകള്‍ എന്നതായിരുന്നു ഗവേഷണ വിഷയം. മുതിര്‍ന്ന കലാനിരൂപകനായ പ്രൊ. ജോര്‍ജ് എസ് പോള്‍ സാറാണ് ഈ വിഷയം നിര്‍ദേശിച്ചത്. മോഹിനിയാട്ടത്തില്‍ സ്വാതിതിരുനാള്‍, മഹാകവിവള്ളത്തോള്‍ എന്നിവരോടൊപ്പമോ അതിലേറെയോ സംഭാവന നല്‍കിയ മഹദ്‌വ്യക്തിത്വമാണ് കാവാലം നാരായണപണിക്കറുടേത്. മോഹിനിയാട്ടത്തിനു മാത്രമായി നൂറ്റി ഇരുപതോളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാതികൃതികള്‍ മോഹിനിയാട്ടത്തിനായി എഴുതപ്പെട്ടവയല്ലെന്നും എന്തിനേറെ അവയുടെ കര്‍ത്തൃത്വം തന്നെയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നോര്‍ക്കണം.
കൂടാതെ മോഹിനിയാട്ടത്തിന്റെ താത്വിക മണ്ഡലത്തിലും ഭരതമുനി ഉദ്‌ഘോഷിക്കുന്ന ചതുര്‍വിധാഭിയനരംഗത്തും വളെരെ ആഴത്തില്‍ പഠിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മറ്റൊരു വ്യക്തിത്ത്വമില്ല.
കാവാലത്തിന്റെ പ്രതിഭ ഉപയോഗപ്പെടുത്തുന്നതില്‍ നമ്മുടെ കലാസ്ഥാപനങ്ങള്‍ വിശിഷ്യാ കേരള കലാമണ്ഡലം അമ്പേ പരാജയപ്പെട്ടു. ആഗോള നൃത്തവേദികളില്‍ ഇന്നേറ്റവും കൂടുതല്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കൃതികളാണ്. ഡോ. കനക് റെലെ, ഭാരതി ശിവാജി തുടങ്ങിയ ഗുരുക്കന്മാര്‍ അദ്ധേഹത്തിന്റെ പ്രതിഭ നേരത്തേ മനസ്സിലാക്കുകയും അതുപയോഗപ്പെടുത്തി ആഗോളപ്രസിദ്ധിനേടുകയും ചെയ്തു. അങ്ങിനെ ശാസ്ത്രീയനൃത്തത്തില്‍ ഡോക്ടറേറ്റ് നേടുന്ന പ്രായംകുറഞ്ഞ വ്യക്തിയുമായി. കാവാലം അന്തരിച്ച് ഒരു മാസത്തിനു ശേഷമാണ് എനിക്ക് പി.എച്ച്.ഡി ലഭിക്കുന്നത്.
ബിരുദാനന്തര ബിരുദപഠനം...നെറ്റ്
തുടര്‍ന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ മോഹിനിയാട്ടം ഐശ്ചികവിഷയമായി ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. എം. എക്ക് പഠിക്കുമ്പോള്‍ തന്നെ ലെക്ചര്‍ഷിപ്പിനായുള്ള യു. ജി.സി നെറ്റ് പരീക്ഷ പാസായി. അന്ന് മോഹിനിയാട്ടത്തില്‍ നെറ്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയും ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയും.
അധികം വൈകാതെ മോഹിനിയാട്ടത്തില്‍ ദൂരദര്‍ശന്റെ എ ഗ്രേഡ് ലഭിച്ചു. ഇരുപത്താറാം വയസില്‍. സാധാരണയായി പരിണിതപ്രജ്ഞാരായ കലാകാരികളെയാണ് എ ഗ്രേഡിനു പരിഗണിക്കുക. ഗുരുവിന്റെ അനുഗ്രഹം എന്നേ പറയാനുള്ളൂ. എന്നെ പഠിപ്പിച്ചതു ഭംഗിയായി ചെയ്യുക എന്നചുമതല മാത്രമേ എനിക്കു നിര്‍വഹിക്കാനുണ്ടായിരുന്നുള്ളൂ. ഗുരുശിഷ്യ ബന്ധം ഒരു നിയോഗമാണ്. നമ്മളെ ആരോ അവിടേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
ലക്ഷ്യം...
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെയും മറ്റുമായി മോഹിനിയാട്ടം കൂടുതല്‍ ആസ്വാദ്യകരമാക്കണം. മുദ്രാഭിനയത്തിലും നേത്രാഭിനയത്തിലും ശൈലികള്‍ തമ്മില്‍ എകീകൃത സ്വഭാവമുണ്ടാക്കാന്‍ പരിശ്രമിക്കണം. ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കണം. നൃത്ത സംബന്ധിയായ മറ്റൊരു പുസ്തകത്തിന്റെ പണിയിലാണ്. എട്ടോളം പുതിയ ഇനങ്ങള്‍ ചിട്ടപ്പെടുത്തി. ഇനിയും നല്ല കൊറിയോഗ്രാഫികള്‍ ഉണ്ടാവണം.. ഒരുപാട് വേദികളില്‍ നൃത്തം ചെയ്യണം... പിന്നെയെല്ലാം ദൈവം തീരുമാനിക്കുന്നത് പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."