ഉ.കൊറിയയിലേക്ക് എണ്ണ ഇറക്കുമതി; രണ്ടാമത്തെ കപ്പലും ദ.കൊറിയ പിടിച്ചെടുത്തു
സിയൂള്‍: ഉത്തര കൊറിയക്ക് എണ്ണ ഇറക്കുമതി ചെയ്യുകയായിരുന്ന ഒരു കപ്പല്‍ കൂടി ദക്ഷിണ കൊറിയ പിടിച്ചെടുത്തു. യു.എന്നിന്റേത് അടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങളെ ലംഘിച്ച് ഉ.കൊറിയയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതായി ആരോപിച്ചാണ് കപ്പല്‍ പിടികൂടിയത്.
മധ്യ അമേരിക്കന്‍ രാജ്യമായ പാനമയുടെ പതാക വച്ച 'കോട്ടി' എന്ന പേരുള്ള ടാങ്കര്‍ കപ്പലാണ് ദ.കൊറിയയിലെ പ്യോങ്ടേക് തുറമുഖത്ത് വച്ചു പിടിയിലായത്. ഒരു ഉ.കൊറിയന്‍ കപ്പലിലേക്ക് 600 ടണ്‍ സംസ്കൃത എണ്ണ കൈമാറിയെന്ന് ആരോപിച്ച് വെള്ളിയാഴ്ച ഹോങ്കോങ് കപ്പല്‍ ദ.കൊറിയ പിടിച്ചെടുത്ത് ചോദ്യം ചെയ്തു വരുന്നതിനിടെയാണു പുതിയ സംഭവം.
5,100 ടണ്‍ എണ്ണ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലാണ് ഇന്നലെ പിടിയിലായത്. കപ്പലിലെ കൂടുതല്‍ ജീവനക്കാരും ചൈനക്കാരും ബര്‍മക്കാരും ആണെന്ന് ദ.കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച പിടിയിലായ ഹോങ്കോങ് കപ്പല്‍ സംസ്കൃത എണ്ണ നിറയ്ക്കാനായി കഴിഞ്ഞ ഒക്ടോബര്‍ 11ന് ദ.കൊറിയയിലെ യോസു തുറമുഖത്തെത്തിയിരുന്നു. നാലു ദിവസങ്ങള്‍ക്കു ശേഷം തായ്വാനിലേക്കെന്നു പറഞ്ഞ് ഇവിടെനിന്നു പുറപ്പെട്ട കപ്പല്‍ ഇടയ്ക്ക് ഉ.കൊറിയന്‍ കപ്പല്‍ അടക്കമുള്ള മൂന്ന് ടാങ്കറുകളിലേക്ക് എണ്ണ കൈമാറുകയായിരുന്നുവെന്ന് അധികൃതര്‍ ആരോപിച്ചു.
മിസൈല്‍-ആണവ പദ്ധതികളെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉ.കൊറിയയ്ക്കെതിരായ ഉപരോധം ശക്തമാക്കിയിരുന്നു. ഉ.കൊറിയയ്ക്ക് ചൈന നിയമവിരുദ്ധമായി എണ്ണ കൈമാറുന്നതായി കഴിഞ്ഞയാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."