സൂര്യനെ നേരില്‍ ചെന്നു തൊടും
വാഷിങ്ടണ്‍: എല്ലാവരും പല തരത്തിലുള്ള പുതുവത്സര പ്രതിജ്ഞയെടുക്കുന്ന വേളയാണിത്. അമേരിക്കന്‍ ബഹിരാകാശ പര്യവേക്ഷണ സംഘം നാസയുടെ പ്രതിജ്ഞ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; സൂര്യനെ നേരില്‍ ചെന്നുതൊടുക. അതിസാഹസികവും അചിന്തനീയവുമായ ഒരു ലക്ഷ്യത്തിലേക്കു കണ്ണുനട്ടാണ് നാസയിലെ ശാസ്ത്രസംഘം പുതുവര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുന്നത്.
2018ല്‍ നാസ വിപ്ലവകരമായ ബഹിരാകാശ പര്യവേക്ഷണ ദൗത്യത്തിന്റെ ആറുപതിറ്റാണ്ടു പിന്നിടുകയാണ്. 1958 ജൂലൈ 29നാണ് യു.എസ് സൈനിക ജനറലും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡിവൈറ്റ് ഡി. ഐസന്‍ഹോവര്‍ സംഘത്തിനു തുടക്കമിടുന്നത്.
സൂര്യന്റെ പുറം അന്തരീക്ഷത്തില്‍ പര്യവേക്ഷണം നടത്താനായി തയാറാക്കിയ റോബോട്ട് ബഹിരാകാശ പേടകമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഈ വര്‍ഷം വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. സൂര്യന്റെ പ്രതലത്തില്‍നിന്ന് 6.2 മില്യന്‍ കി.മീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തിലൂടെ പറക്കുന്ന പ്രോബ് ഇതുവരെ ഒരു ബഹിരാകാശ പേടകവും മുതിരാത്ത സാഹസത്തിനാണ് ഒരുങ്ങുന്നത്. അതിതീവ്രമായ ചൂടും സൂര്യവികിരണവുമായിരിക്കും ദൗത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ശുക്രന്റെ ഗുരുത്വാകര്‍ഷണ സ്വഭാവം ഉപയോഗിച്ച് ഏഴു വര്‍ഷമെടുത്താണ് പേടകം ദൗത്യം പൂര്‍ത്തീകരിക്കുക. സൂര്യന്റെ പ്രഭാവലയത്തിനു ചുറ്റും എങ്ങനെയാണ് ഊര്‍ജവും താപവും സഞ്ചരിക്കുന്നത് എന്ന് കണ്ടെത്തുകയും സൂര്യാതപത്തെയും സൗരോര്‍ജത്തെയും നിയന്ത്രിക്കുന്ന വസ്തുക്കളെ നിരീക്ഷിക്കുകയുമാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍.
ഇതിനു പുറമെ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനായി ട്രാന്‍സിറ്റിങ് എക്‌സോപ്ലാനെറ്റ് സര്‍വേ സാറ്റലൈറ്റ്(ടെസ്സ്) എന്ന പേരില്‍ ഒരു പേടകവും ഈ വര്‍ഷം ജൂണില്‍ നാസ വിക്ഷേപിക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."