ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ വീണു; മാഞ്ചസ്റ്ററിനെ റൂണി രക്ഷിച്ചു
250 ഗോളുകള്‍ തികച്ച് മാഞ്ചസ്റ്ററിനായി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് റൂണി സ്വന്തമാക്കി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു കാലിടറി. കരുത്തോടെ മുന്നേറിയ ലിവര്‍പൂളിനെ അവരുടെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ചെന്ന് സ്വാന്‍സീ സിറ്റി അട്ടിമറിച്ചു. അവസാന നിമിഷം വരെ തോല്‍വിയില്‍ നിന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്റ്റോക് സിറ്റിക്കെതിരേ അവസാന സെക്കന്ഡിലെ ഗോളില്‍ സമനില പിടിച്ച് രക്ഷപ്പെട്ടു.
രണ്ടു ഗോളിനു മുന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് മത്സരത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയത്. റോബര്‍ട്ടോ ഫിര്‍മിനോയുടെ ഇരട്ട ഗോളുകള്‍ ലിവര്‍പൂളിനു സമനില സമ്മാനിച്ചെങ്കിലും 74ാം മിനുട്ടില്‍ ഗോള്‍ വഴങ്ങി അവര്‍ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. 19ാം മിനുട്ടില്‍ യുവാന്‍ മാറ്റയുടെ സെല്‍ഫ് ഗോളില്‍ മാഞ്ചസ്റ്ററിനെതിരേ സ്റ്റോക് സിറ്റി മുന്നിലെത്തി. പിന്നീട് ഗോള്‍ നേടാന്‍ സാധിക്കാതെ മാഞ്ചസ്റ്റര്‍ കുഴങ്ങി. കളിയുടെ ഫൈനല്‍ വിസിലിനു നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ നായകന് വെയ്ന്‍ റൂണിയുടെ ഗോളാണ് അവര്‍ക്ക് ആശ്വാസത്തിന്റെ സമനില സമ്മാനിച്ചത്. ഫ്രീ കിക്കിലൂടെ വല ചലിപ്പിച്ച വെയ്ന്‍ റൂണി ക്ലബിന്റെ എക്കാലത്തേയും വലിയ ഗോള്‍ സ്കോററെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
മറ്റു മത്സരങ്ങളില്‍ എവര്ട്ടന് 1-0ത്തിനു ക്രിസ്റ്റല്‍ പാലസിനേയും വെസ്റ്റ് ഹാം 3-1നു മിഡ്ഡ്ല്സ്ബ്രൊയേയും വെസ്റ്റ് ബ്രോംവിച് 2-0ത്തിനു സണ്ടര്ലാന്ഡിനേയും പരാജയപ്പെടുത്തി. ബേണ്‍മൗത്ത്- വാട്ഫോര്‍ഡ് പോരാട്ടം 2-2നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."