തെലങ്കാന വാഹനങ്ങള്‍ക്ക് കേരളത്തില്‍ പിടി വീഴുന്നു
തൊടുപുഴ: തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത് സ്പെഷല്‍ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് പ്രവേശിക്കുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളില്‍നിന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇനി നികുതി ഈടാക്കും. കേരളാ മോട്ടോര്‍ വാഹന ടാക്സേഷന്‍ നിയമത്തിലെ സെക്ഷന്‍ 3(5)അനുസരിച്ചുള്ള നികുതി ഈടാക്കണമെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് സ്പെഷല്‍ പെര്‍മിറ്റ് എടുത്ത് അന്യസംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഏതെങ്കിലും സംസ്ഥാനം നികുതിയിളവ് കൊടുക്കുകയാണെങ്കില്‍ ആ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും കേരളത്തില്‍ നികുതിയിളവ് നല്‍കുന്നതാണെന്ന് പ്രതിപാദിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് കേരളം നികുതിയിളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, തെലങ്കാന സംസ്ഥാനം നിലവില്‍വന്നശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് തെലങ്കാനയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് അവിടെ നികുതിയീടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
അതിനാലാണ് തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് തികുതിയീടാക്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം വാഹനങ്ങള്‍ക്ക് നികുതിയിളവ് തുടര്‍ന്നും നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. കേരളം നികുതിയിളവ് നല്‍കിയിട്ടുള്ള ഏതെങ്കിലും സംസ്ഥാനം കേരളാ വാഹനങ്ങള്‍ക്ക് നികുതിയീടാക്കുകയാണെങ്കില് ആ വിവരം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫിസില്‍ അറിയിക്കേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അന്തര്‍ സംസ്ഥാന വാഹനഗതാഗതവുമായി ബന്ധപ്പെട്ട് തമിഴ്നാട്, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുമായി കേരളം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഇടക്കാലത്ത് കരാറില്‍നിന്നു വ്യതിചലിച്ചിരുന്നു. പരമാവധി ഒരു മാസത്തേക്കാണ് കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് സ്പെഷ്യല്‍ പെര്‍മിറ്റ് അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."