മാവോയിസ്റ്റ് വേട്ട: മുന്നറിയിപ്പ് തള്ളിയത് വെടിവയ്പിന് കാരണമെന്ന് വിലയിരുത്തല്‍
നിലമ്പൂര്‍: പൊലിസുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി പാലിക്കാത്തതാണ് നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്ക്കു കാരണമെന്നു വിലയിരുത്തല്‍. ഇതാണ് നിലമ്പൂര്‍ കാട്ടില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയുമടക്കം രണ്ടു മാവോയിസ്റ്റ് നേതാക്കളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.
പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചു, പൊലിസിന്റെ ശക്തി കുറച്ചുകാണുന്നത് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു നല്‍കിയ രേഖയുടെ പകര്‍പ്പാണ് പുറത്തായത്. പൊളിറ്റിക്കല്‍ മിലിട്ടറി കാംപയിന്റെ ഭാഗമായി ഗ്രാമങ്ങളിലും നഗരങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ 18 മാസം നീളുന്ന പദ്ധതിയാണ് സി.പി.ഐ മാവോയിസ്റ്റ് ആസൂത്രണം ചെയ്തിരുന്നത്.
കേരളത്തില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എത്തിയപ്പോള്‍തന്നെ പൊലിസിനു നേരെ വെടിവയ്പു നടത്തിയിരുന്നു. ഈ നീക്കം അപകടം വരുത്തുമെന്ന മുന്നറിയിപ്പു നല്‍കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ കത്ത്. രാഷ്ട്രീയപരമായും സംഘടനാപരമായും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ പോരാട്ടവും ഉണ്ടാകണം. അതിനായി സ്‌ക്വാഡ് വര്‍ക്കുകള്‍ അടക്കം സജീവമാക്കണം.
ഈ ഘട്ടത്തില്‍ പൊലിസിനെതിരേ ആക്രമണം നടത്തിയാല്‍ അവര്‍ ശക്തമായി തിരിച്ചടിക്കും. അതിനെ ചെറുക്കാന്‍ നമുക്കു കഴിയില്ല. നമ്മുടെ പദ്ധതികളെ അതു തകര്‍ക്കും. രണ്ടും മൂന്നും ഘട്ടത്തില്‍ നമ്മുടെ ശക്തിയെക്കുറിച്ച് അമിത പ്രതീക്ഷ പുലര്‍ത്തി ശത്രുവിന്റെ ശക്തി കുറച്ചുകൊണ്ടുവരാമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."