കാലാവസ്ഥാ മാറ്റം വന നശീകരണവും വിളമാറ്റവും കാരണം
കല്‍പ്പറ്റ: വയനാടന്‍ കാലാവസ്ഥയുടെ മാറ്റത്തിന് വ്യാപകമായ വനനശീകരണവും നെല്‍വയലുകളിലെ വിളമാറ്റവുമാണ് കാരണമെന്ന് വിലയിരുത്തല്‍.
ജില്ലാ മണ്ണ് സംരക്ഷര ഓഫിസര്‍ പി.യു ദാസ് ഹരിതകേരള മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ജില്ലയുടെ സൂക്ഷ്മ കാലാവസ്ഥയില്‍ വന്ന മാറ്റം പൊടുന്നനെ ഉണ്ടായതല്ലെന്നും ദശകങ്ങളായി പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന കടന്നുകയറ്റങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ ബ്രഹ്മഗിരിക്കുന്ന്, വടക്കു പടിഞ്ഞാറുള്ള പേരിയ, പക്രംതളം, വാളാട്, തൊണ്ടാര്‍മുടി, കണ്ണവം വനം, കൊട്ടിയൂര്‍ക്കുന്നിന്റെ മുകള്‍ഭാഗം, പടിഞ്ഞാറു ഭാഗത്തുള്ള ബാണാസുര-കുറിച്യര്‍-പൊഴുതന മലകള്‍, തെക്കു പടിഞ്ഞാറുള്ള സുഗന്ധഗിരി, പൂക്കോട്, ലക്കിടി, വൈത്തിരി, തെക്കുള്ള എളമ്പിലേരി മല, ചേമ്പ്ര, മുണ്ടക്കൈ, ചൂരല്‍മല, തെക്കുകിഴക്ക് അതിര്‍ത്തിയിലുള്ള വെള്ളരിമല, നീലിമല, കിഴക്ക് അതിര്‍ത്തിയിലുള്ള അമ്പുകുത്തി, തൊവരിമല എന്നിവിടങ്ങളിലുണ്ടായ വ്യാപകമായ വന നശീകരണം ജില്ലയുടെ കാലാവസ്ഥാ സവിശേഷത തന്നെ മാറ്റിക്കളഞ്ഞു.
ബ്രിട്ടീഷുകാരും തുടര്‍ന്നുള്ള കുടിയേറ്റക്കാരും വന നശീകരണത്തിനു ശേഷം നടത്തിയ കാപ്പി, ഏലം, തേയില എന്നിവയുടെ പ്ലാന്റേഷന്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടി.
ഇതിനുപുറമേ ജില്ലയുടെ ഭൂവിസ്തൃതിയില്‍ 30 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്ന ചതുപ്പുകള്‍ തുടക്കത്തില്‍ നെല്‍കൃഷിയായും തുടര്‍ന്ന് വാഴ, കവുങ്ങ് തുടങ്ങിയ വാണിജ്യ വിളകളായും കരഭൂമി തെരുവപ്പുല്ല്, കപ്പ, മുത്താറി, ഇഞ്ചി, കുരുമുളക്, കാപ്പി, റബര്‍ തുടങ്ങിയവ ചുരുങ്ങിയ കാലഘട്ടത്തിനകത്ത് വിളമാറ്റം വരുത്തിയതും വരള്‍ച്ചയിലേക്ക് നയിക്കുന്നതിന് കാരണമായി.
ഇവയുടെ കൃഷി മണ്ണിലെ സ്വാഭാവിക ജൈവ സമ്പുഷ്ടതയും ജലസംഭരണശേഷിയും നഷ്ടമാക്കി. കുടിയേറ്റത്തിനു ശേഷം കരഭൂമിയിലുണ്ടായ വിളമാറ്റം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, പാറ പൊട്ടിക്കല്‍, കരമണല്‍ ഖനം എന്നിവയാണ് വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥയെ തകിടം മറിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."