ഹരിത കേരളം, സ്വച്ഛ്ഭാരത്; ഒന്നുമറിയാതെ പനമരം
പനമരം: സംസ്ഥാനം ഹരിതാപമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയും കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പദ്ധതിയും പനമരം പഞ്ചായത്ത് അധികൃതര്‍ അറിയാത്ത മട്ടിലാണ്. നാടൊന്നിച്ച് ശുചീകരണ പ്രവൃത്തികളുമായി ഇറങ്ങിയപ്പോഴും നമ്മളൊന്നുമറിഞ്ഞില്ലെന്ന മട്ടിലാണ് പഞ്ചായത്തിലെ കാര്യങ്ങള്‍. നാട്ടുകാരുടെ ആരോഗ്യം നോക്കേണ്ട ആരോഗ്യ വകുപ്പും ഉറക്കത്തില്‍ തന്നെയാണ്. അല്ലെങ്കില്‍ ദിനവും നൂറുകണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിലൂടെ ഓടയില്‍ നിന്നുള്ള മലിന ജലം ഒഴുകുന്നതെങ്കിലും പദ്ധതിയുടെ ഭാഗമായി ഇല്ലാതാക്കുമായിരുന്നു. മാസങ്ങളായി പനമരം ഹൈസ്‌കൂള്‍ റോഡരികിലെ ഓടയില്‍ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. ഇത് നേരെ ചെന്ന് പതിക്കുന്നത് ഏറെ പേര്‍ കുടിവെള്ളത്തിന് പോലും ആശ്രയിക്കുന്ന പനമരം പുഴയിലേക്കും. കൃത്യമായി വൃത്തിയാക്കാതായതോടെ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ഓട നിറഞ്ഞതോടെയാണ് മലിനജലം പുറത്തേക്കൊഴുകി തുടങ്ങിയത്. വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ തുടങ്ങി പ്രതിദിനം ആയിരങ്ങളാണ് ദുര്‍ഗന്ധവും സഹിച്ച് ഇതിലൂടെ യാത്ര ചെയ്യുന്നത്. മാലിന്യത്തിനെതിരേയുള്ള ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ നടക്കുമ്പോഴും പനമരത്ത് രാഷ്ട്രീയ വാക്‌പോരിന് പിറകെയാണ് അധികൃതര്‍.
മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തീര്‍ണം കൂടുതലുള്ള പനമരത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവില്‍ ടൗണില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം മാത്തൂരിലെ ചെറുപുഴയോട് ചേര്‍ന്ന സ്ഥലത്താണ് നിക്ഷേപിക്കുന്നത്. ജനവാസ കേന്ദ്രമായ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുര്‍ഗന്ധവും ഈച്ച ശല്യവും കുട്ടികള്‍ക്ക് ചൊറിച്ചിലും അനുഭവപ്പെട്ടതോടെയായിരുന്നു ഇത്. എന്നാല്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതിന് പരിഹാരം കാണാന്‍ ഇതുവരെ തയാറായിട്ടില്ല. മാലിന്യ നിക്ഷേപം തുടര്‍ന്നാല്‍ പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് സമയം കളയുന്ന അധികൃതര്‍ നാടിന് അനിവാര്യമായ കാര്യങ്ങളില്‍ തുടരുന്ന അലംബാവം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് പൊതുജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."